സഹീര്‍ കാരന്തൂര്‍

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് ആസ്പത്രിയില്‍ എഴുപത്തഞ്ചോളം പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ട വിവരം രാജ്യം ഞെട്ടലോടെയായിരുന്നു കേട്ടത്. കുട്ടികളുടെ മരണത്തോളം തന്നെ നടുക്കമുളവാക്കുന്നതായിരുന്നു ഭരണകൂടം സ്വീകരിച്ച തുടര്‍നടപടികളും. ആഗസറ്റ് പത്തിന് രാത്രി പുറത്തു വന്ന ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ മുപ്പതോളം കുട്ടികളാണ് അവശ്യ ചികിത്സ കിട്ടാതെ മരണപ്പെട്ടത്. തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ മരണസംഖ്യ പിന്നേയും ഉയര്‍ന്നു കൊണ്ടേയിരുന്നു.

ബി.ആര്‍.ഡി ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച അടിയന്തര സാഹചര്യത്തില്‍ നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചത് ഡോക്ടര്‍ ഖഫീല്‍ ഖാന്റെ അവസരോചിത നടപടികളായിരുന്നെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അന്താരാഷ്ട്ര-ദേശീയ മാധ്യമങ്ങളായിരുന്നു. എന്നാല്‍ ദാരുണ ദുരന്തത്തിന്റെ മൂന്നാം ദിവസം ആഗസ്റ്റ് 13 ന് ഖഫീല്‍ ഖാനെ തേടി വന്നത് സ്ഥലംമാറ്റത്തിനുള്ള ഉത്തരവായിരുന്നു. ആറു ദിവസങ്ങള്‍ക്കുള്ളില്‍ 75 കുട്ടികള്‍ മരിച്ച ആശുപത്രിയിലെ മസ്തിഷ്‌കവീക്ക വകുപ്പായിരുന്നുഖഫീല്‍ ഖാന്‍ കൈകാര്യം ചെയ്തുവന്നത്. ബി.ആര്‍.ഡി ആസ്പത്രിയില്‍ തന്നെ ഡോക്ടറായി ഇനിയും തുടരുമെങ്കിലും മസ്തിഷ്‌കവീക്ക വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കി. ഉത്തരവാദിത്ത നിര്‍വഹണത്തിലെ വീഴ്ചയായിരുന്നു സര്‍ക്കാര്‍ അദ്ദേഹത്തില്‍ കണ്ടെത്തിയ കുറ്റം. ഡോ. ഭുബെന്ദ്ര ശര്‍മ്മക്കാണ് പുതിയ ചാര്‍ജ്ജ്.

ആഗസ്റ്റ് പത്തിന്റെ ദുരന്ത രാത്രിയില്‍ മുപ്പതിലധികം ജീവനുകളുടെ രക്ഷകനായ ഖഫീല്‍ ഖാന് എന്തുകൊണ്ടു സ്ഥലംമാറ്റം എന്ന സ്വാഭാവിക ചോദ്യത്തോടുള്ള സര്‍ക്കാറിന്റെയും ആസ്പത്രി അധികൃതരുടെയും ഉത്തരം അദ്ദേഹം കൃത്യവിലോപം നടത്തി എന്നതാണ്. എന്നാല്‍ ആ രാത്രിയില്‍ കൃത്യനിര്‍വ്വഹണം നടത്തി മാതൃകയായ മറ്റേതെങ്കിലും ഡോക്ടര്‍മാരുണ്ടോ എന്നൊന്നും ചിന്തിച്ചു കൂട്ടരുത്. സ്ഥലംമാറ്റത്തിന്റെ അടുത്ത ന്യായം അയാള്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നതായിരുന്നു. ഇക്കാര്യങ്ങള്‍ ചില ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റു പിടിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധു അമര്‍ ഇസ്‌ലാം ഇതേ കുറിച്ച് പ്രതികരിച്ചത് ആരോപിക്കപ്പെടുന്ന ക്ലിനിക്ക് അേേദ്ദഹത്തിന്റേതല്ല ഭാര്യയുടേതാണെന്നായിരുന്നു. സ്വകാര്യ പ്രാക്ട്രീസിന്റെ പേരില്‍ ഈ സാഹചര്യത്തില്‍ തന്നെ ഒരു സ്ഥലംമാറ്റമെന്നത് വിചിത്രമായി തോന്നേണ്ടതില്ല. അതൊക്കെ സ്വാഭാവികമായ കാലമാണിത്.മറ്റൊരു കാരണം നിരത്തുന്നത് ഖഫീല്‍ ഖാന്‍ 2015 ല്‍ ഒരു പീഢന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് എന്നായിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഈ ആരോപണം വ്യാജമാണെന്ന് തെളിയിക്കപ്പെട്ടതുമാണ്.

മെഡിക്കല്‍ കോളജിലെ മറ്റു ഉദ്യോഗസ്ഥര്‍ ഖഫീല്‍ ഖാനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം അദ്ദേഹം വാര്‍ത്തകളുണ്ടാക്കി സ്വയം ഹീറോ ആവാന്‍ ശ്രമിച്ചു എന്നാണ്. 52ഓളം സിലിണ്ടറുകള്‍ ആശുപത്രിയിലുണ്ടായിട്ടും പുറത്തു നിന്നു കൊണ്ടു വരാന്‍ ശ്രമിച്ചു. എന്നാല്‍ ആസ്പത്രിയിലുണ്ടായിരുന്ന ഒരു സിലിണ്ടര്‍ പോലും പ്രയോജനപ്പെട്ടില്ലെന്നതാണ് വസ്തുത. മറിച്ച് ഖഫീല്‍ ഖാന്‍ സ്വന്തമായി പുറത്തു നിന്നു കൊണ്ടു വന്ന സിലിണ്ടറുകളായിരുന്നു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. ഗോരഖ്പൂരിലെ അടിയന്തര സാഹചര്യത്തില്‍ രോഗികള്‍ക്ക് കൃത്രിമ ശ്വാസം നല്‍കാനും അയാള്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ആസ്പത്രി അധികൃതര്‍ മനഃപൂര്‍വ്വം മറച്ചു വെക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമങ്ങള്‍ പോലും ഈ വസ്തുത വേണ്ട പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നു.

ആഗസ്റ്റ് 10 അര്‍ദ്ധരാത്രിയില്‍ ബി.ആര്‍.ഡി ഹോസ്പിറ്റലിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിശ്ചലമാവുകയും കുട്ടികള്‍ മരണത്തോട് മല്ലിടുകയും ചെയ്യുന്ന അടിയന്തര സാഹചര്യത്തില്‍ ഖഫീല്‍ ഖാന്‍ സ്വമേധയാ നേതൃത്വമേറ്റെടുത്ത് സ്വകാര്യ വാഹനത്തില്‍ അടുത്തുള്ള നഴ്‌സിംഗ് ഹോമുകളില്‍ നിന്ന്് ഓക്‌സിജന്‍ കൊണ്ടു വരികയായിരുന്നെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം കീശയില്‍ നിന്ന് പതിനായിരം രൂപക്ക് മുകളില്‍ മുടക്കിയാണ് അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ ഓക്‌സിജന്‍ എത്തിച്ചത് എന്നാണ് സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയ-ലോക മാധ്യമങ്ങളിലൂടെ ഖഫീല്‍ ഖാന്റെ സന്ദര്‍ഭോചിത ഇടപെടല്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പരക്കെ അനുമോദിക്കപ്പെട്ടു. അഭിനന്ദനങ്ങള്‍ കൊണ്ടു സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം ശരിക്കും ആഘോഷിക്കപ്പെട്ടു. രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തോടൊപ്പം നിന്ന് പിന്തുണ അറിയിച്ചു. എന്നാല്‍ ആസ്പത്രി അധികൃതര്‍ ഖഫീല്‍ ഖാന്റെ ഇടപെടലിനെ കുറിച്ച് ബോധപൂര്‍വമായ മൗനത്തിലാണ് അഭയം കണ്ടത്.

എന്നാല്‍ ഖഫീല്‍ ഖാനെതിരായ നടപടിയില്‍ എയിംസ് ഡോക്ടര്‍മാര്‍ വരെ ഖേദം പ്രകടിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്. ഗോരഖ്പൂര്‍ ദുരന്തത്തില്‍ ഖഫീല്‍ ഖാന്‍ ബലിയാക്കപ്പെട്ടു എന്നാണ് എയിംസിലെ ഡോക്ടര്‍ ഹര്‍ജിത് സിംഗ് പറഞ്ഞത്. പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള സര്‍ക്കാര്‍ വീഴ്ചയുടെ പേരില്‍ വീണ്ടും ഒരു ഡോക്ടര്‍ ബലിയാടായിരിക്കുന്നു എന്നാണ് എയിംസിലെ റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ഹര്‍ജിത് സിംഗ് പ്രതികരിച്ചത്. ആസ്പത്രിയില്‍ ഓക്‌സിജന്‍, ഗ്ലൗസ്, സര്‍ജറി ഉപകരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആരാണുത്തരവാദി? സര്‍ക്കാര്‍ പറയുന്നത് ഡോക്ടര്‍മാര്‍ ആണെന്നാണ്. എന്നാല്‍ രാഷ്ട്രീയക്കാരോട് എനിക്കൊരഭ്യര്‍ത്ഥനയുണ്ട്, നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മറച്ചുവെക്കാന്‍ രോഗിക്കും ഡോക്ടര്‍ക്കുമിടയിലെ ബന്ധത്തെ നിങ്ങള്‍ വഷളാക്കരുത്. ഭാട്ടിയയുടെ പരാമര്‍ശങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനു കുറിക്ക് കൊള്ളുന്നതായിരുന്നു.