സൂറിച്ച്: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ആദ്യപട്ടികയില്‍ 24 പേര്‍. നിലവിലെ ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ചാമ്പ്യന്‍ ലയണല്‍ മെസി, പിഎസ്ജിതാരം നെയ്മര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടായി ഫുട്‌ബോള്‍ ലോകം അടക്കി വാഴുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും തന്നെയാണ് പട്ടികയില്‍ മുമ്പിട്ട് നില്‍ക്കുന്നത്.

പോര്‍്ച്ചുഗീസ് താരം മികച്ച കളിക്കാരനുള്ള പുരസ്‌കാരം നിലനിര്‍ത്തുമോയെന്നും മെസ്സി അത് തിരിച്ചുപിടിക്കുമോയെന്നും ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നു. ലാ ലീഗയിലെയും ചാംപ്യന്‍സ് ലീഗിലെയും ഇരട്ട കിരീടനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് റോണോയും ആരാധകരും. ബാഴ്‌സലോണയ്ക്ക് വേണ്ടി 500 ഗോള്‍ നേടിയ അര്‍ജന്റീനിയന്‍ താരത്തിന് ഈ സീസണില്‍ കിരീടനേട്ടത്തിന്റെ കണക്ക് പറയാനുമില്ല. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോ ഉള്‍പ്പെടെ ഏഴ് കളിക്കാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. മികച്ച പരിശീലകര്‍ക്കുള്ള പട്ടികയില്‍ 12 പേരാണുള്ളത്. റയല്‍ കോച്ച് സിനഡിന്‍ സിദാന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹൊസെ മൊറീഞ്ഞോ, ചെല്‍സിയുടെ അന്റോണിയോ കോന്റെ, ജര്‍മന്‍ കോച്ച് ജോക്വിം ലോ, ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ മൌറീസിയോ പച്ചട്ടീനോ, യുവന്റസിന്റെ മാസിമില്ലിനോ അല്ലെഗ്രി എന്നിവര്‍ പട്ടികയിലുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍, റയല്‍ മാഡ്രിഡ്), സെര്‍ജിയോ റാമോസ് (സ്‌പെയിന്‍, റയല്‍ മാഡ്രിഡ്), ഡാനിയേല്‍ കാര്‍വയാല്‍ (സ്‌പെയിന്‍, റയല്‍ മാഡ്രിഡ്), ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ, റയല്‍ മാഡ്രിഡ്), കെയ്‌ലര്‍ നവാസ് (കോസ്റ്റാറിക്ക, റയല്‍ മാഡ്രിഡ്), ടോണി ക്രൂസ് (ജര്‍മനി, റയല്‍ മാഡ്രിഡ്), മാഴ്‌സെലോ (ബ്രസീല്‍, റയല്‍ മാഡ്രിഡ്), ലയണല്‍ മെസ്സി (അര്‍ജന്റീന, ബാഴ്‌സലോണ), ആന്ദ്രെ ഇനിയേസ്റ്റ (സ്‌പെയിന്‍, ബാഴ്‌സലോണ), ലൂയിസ് സുവാരസ് (ബാഴ്‌സലോണ, ഉറുഗ്വെ), അര്‍തുറോ വിദാല്‍ (ചിലി, ബയേണ്‍ മ്യൂണിക്), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്, ബയേണ്‍ മ്യൂണിക്), മാനുവല്‍ നോയര്‍ (ജര്‍മനി, ബയേണ്‍ മ്യൂണിക്), ജിയാന്‍ ലൂജി ബഫണ്‍ (ഇറ്റലി, യുവന്റസ്), പൗളോ ഡിബാല (അര്‍ജന്റീന, യുവന്റസ്), ഏഥന്‍ ഹസാഡ് (ബെല്‍ജിയം, ചെല്‍സി), എന്‍ഗോളോ കാന്റെ (ഫ്രാന്‍സ്, ചെല്‍സി) സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് (സ്വീഡന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍), നെയ്മര്‍ (ബ്രസീല്‍, പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍), അലക്‌സിസ് സാഞ്ചസ് (ചിലി, ആഴ്‌സണല്‍), പിയറി ഓബമെയാങ് (ഗാബോണ്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട്), ലിയനാര്‍ഡോ ബൊനൂച്ചി (ഇറ്റലി, എസി മിലാന്‍), അന്റോയിന്‍ ഗ്രീസ്മാന്‍ (ഫ്രാന്‍സ്, അത്‌ലറ്റിക്കോ മാഡ്രിഡ്) എന്നിവരാണ് പട്ടികയിലുള്ളത്.
അമേരിക്കയുടെ ലോകകപ്പ് ജേതാവും രണ്ട് തവണ ഒളിംപിക് ജേതാവുമായ കാര്‍ലി ലോയ്ഡാണ് വനിതാ വിഭാഗത്തിലെ മികച്ച കളിക്കാരിക്കുള്ള പത്തു പേരുടെ പട്ടികയില്‍ മുന്നില്‍.