ന്യൂഡല്‍ഹി: ഗംഭീറിനെ ഇറക്കിയിട്ടും രക്ഷയില്ലാതെ ബി.ജെ.പി. ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഗൗതം ഗംഭീറിനെ ഈസ്റ്റ് ദില്ലിയില്‍ സീറ്റ് നല്‍കുകയായിരുന്നു ബിജെപി. തുടക്കത്തില്‍ ഗംഭീറിനെ വരവേല്‍ക്കാന്‍ ആള്‍ക്കൂട്ടമുണ്ടായെങ്കിലും പിന്നീടുള്ള പരിപാടികള്‍ക്കൊന്നും ആളില്ലാത്ത അവസ്ഥയാണ്. ഗംഭീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേദിയിലെ ഒഴിഞ്ഞുകിടക്കുന്ന കസേരകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

നേരത്തെ തന്നെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിമര്‍ശിക്കുന്നയാളായിരുന്നു ഗൗതം ഗംഭീര്‍. ഇതു കണക്കിലെടുത്താണ് ഗംഭീറിന് ഈസ്റ്റ് ഡല്‍ഹിയില്‍ സീറ്റ് നല്‍കിയത്. വിജയിക്കുമെന്ന ഒരൊറ്റലക്ഷ്യം മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ നീക്കം. അതേസമയം, ബിജെപിയെ ആശങ്കപ്പെടുത്തുന്നത് ഗംഭീറിന്റെ റാലിയിലെ ഒഴിഞ്ഞ കസേരകളാണ്. മേയ് ഒന്നിന് ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ നടന്ന ഗംഭീറിന്റെ പ്രചാരണ യോഗത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഗൗതം ഗംഭീറിനും മറ്റൊരു സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരിക്കുമായി നടത്തി റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗും പങ്കെടുത്തിരുന്നു. എന്നിട്ടും നീണ്ട നിരയില്‍ ഒഴിഞ്ഞ കസേരകളാണ് കാണപ്പെട്ടത്. ഇത് സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

നേരത്തെ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗംഭീര്‍ വിവാദങ്ങളില്‍ പെട്ടിരുന്നു. ആദ്യം ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി പരാതി നല്‍കി. അതിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കമ്മീഷന്റെ അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിനാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നത്.