തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ 150-ാം ജയന്തിയുടെ ഭാഗമായി തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിന് ഗവര്‍ണറുടെ എതിര്‍പ്പ്. അവശ്യരേഖകള്‍ ഇല്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ പി.സദാശിവം പട്ടികക്ക് അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഇതോടെ തടവുകാര്‍ക്ക് ശക്ഷയിളവ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കേരളത്തില്‍ മാത്രം നടപ്പാകില്ല.

പൊതുമാപ്പ് നല്‍കാനായി തയാറാക്കിയവരുടെ പട്ടിക ശനിയാഴ്ച രാത്രിയോടെയാണ് ഗവര്‍ണറുടെ അനുമതിക്കായി രാജ്ഭവനില്‍ എത്തിയത്. ഇളവ് അനുവദിച്ച തടവുകാരുടെ പട്ടികയും, കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും മാത്രമാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍ ഇവ മാത്രം മതിയാവില്ലെന്നും തടവുകാരെ ശിക്ഷിച്ച ഉത്തരവുകള്‍ കൂടി ഹാജരാക്കണം എന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

കൂടാതെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തില്‍ അവര്‍ പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായവും അറിയണമെന്നും ഗവര്‍ണര്‍ നിലപാടെടുക്കുകയായിരുന്നു. ഇതോടെ കേരളത്തിലെ തടവുകാര്‍ക്ക് മാത്രം മോചനം ലഭിക്കാതായി. മുഖ്യമന്ത്രി രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഗവര്‍ണര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഗവര്‍ണറുടെ അനുമതിയോടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കണം എന്നായിരുന്നു നിര്‍ദേശം.

120 പേരുടെ പട്ടികയാണ് ജയില്‍വകുപ്പ് തയ്യാറാക്കിയത്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ജീവപര്യന്തത്തിനു താഴെ ശിക്ഷകിട്ടിയവരായിരുന്നു ഭൂരിഭാഗവും. ഇതില്‍ നിന്നും സൂക്ഷ്മപരിശോധനയില്‍ 84 രാഷ്ട്രീയതടവുകാരെ ഒഴിവാക്കി. ഇതേച്ചൊല്ലിയുള്ള ആശയക്കുഴപ്പം കാരണം 36 പേരുടെ പട്ടിക അംഗീകരിക്കാനും ഗവര്‍ണര്‍ക്ക് അയക്കാനും വൈകുകയായിരുന്നു.