Connect with us

kerala

തുടര്‍പഠനത്തിന് അവസരമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വന്‍പരാജയം; വടക്കന്‍ ജില്ലകളില്‍ മാത്രം 61,828 സീറ്റുകളുടെ കുറവ്

എസ്.എസ്.എല്‍.സി പരീക്ഷാ വിജയം അതിമധുരമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് തുടര്‍പഠനത്തിന് അവസരമൊരുക്കുന്നതില്‍ വന്‍പരാജയം.

Published

on

എസ്.എസ്.എല്‍.സി പരീക്ഷാ വിജയം അതിമധുരമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് തുടര്‍പഠനത്തിന് അവസരമൊരുക്കുന്നതില്‍ വന്‍പരാജയം. സീറ്റില്ലാത്തതിന്റെ പേരില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ ഇത്തവണ പുറത്തിരിക്കേണ്ടിവരും. മലബാര്‍ ജില്ലകളിലാണ് ഈ വിഷയത്തില്‍ വലിയ പ്രതിസന്ധിയുള്ളത്. തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ നീളുന്ന വടക്കന്‍ ജില്ലകളിലാണ് ഈ ദുര്‍ഗതി. ഈ ഏഴു ജില്ലകളിലായി 61,828 കുട്ടികള്‍ സീറ്റില്ലാതെ അലയേണ്ടിവരും. മലപ്പുറം ജില്ലയില്‍ മാത്രം 30,941 പേര്‍ക്ക് സീറ്റില്ല എന്നതാണ് വസ്തുത.

കേരളത്തില്‍ 4,25016 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ 4,21957 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ലഭ്യമായ സീറ്റുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ 3,78,371 മാത്രമാണ്. ഇതില്‍ 3,06150 ഹയര്‍ സെക്കന്ററി സീറ്റുകളും 27,991 വി.എച്ച്.എസ്.സി സീറ്റുകളും, 33,156 ഐ.ടി.ഐ സീറ്റുകളും 11,970 പോളിടെക്നിക് സീറ്റുകളുമാണ്. ജില്ല തിരിച്ചു കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കുറവ് മലബാര്‍ മേഖലയില്‍ മാത്രമാണ്. തെക്കന്‍ ജില്ലകള്‍ പരിശോധിക്കുമ്പോള്‍ ഇവിടെയെല്ലാം പഠിക്കാന്‍ കുട്ടികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.

തൃശൂര്‍ ജില്ല മുതല്‍ കാസര്‍കോട് വരെയാണ് സീറ്റില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുക. ഇതില്‍ 77,691 കുട്ടികള്‍ വിജയപ്പടി കടന്ന മലപ്പുറം ജില്ലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇവിടെ 30467 കുട്ടികള്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.സി ഉള്‍പ്പെടെയുള്ള പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളുടെ എണ്ണം നോക്കിയാല്‍ വെറും 44,740 മാത്രമാണ് ജില്ലയിലുള്ളത്. പോളിടെക്നിക്, ഐ.ടി.ഐ അടക്കം ഉപരിപഠന സാധ്യതകള്‍ എല്ലാം ഉപയോഗിച്ചാലും 47,224 സീറ്റുകളാണുള്ളത്.

സീറ്റിന്റെ കാര്യത്തില്‍ പാലക്കാട് ജില്ലയിലാണ് പിന്നീട് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. 38,955 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ ഇവിടെ 10,132 കുട്ടികള്‍ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും. കോഴിക്കാട് ജില്ലയില്‍ 8,579ഉം കണ്ണൂരില്‍ 5356ഉം കാസര്‍കോട് 3723ഉം വയനാട് 2232ഉം തൃശൂര്‍ ജില്ലയില്‍ 1330 കുട്ടികള്‍ക്ക് സീറ്റുണ്ടാവില്ല. എന്നാല്‍ തെക്കന്‍ ജില്ലകളായ പത്തനം തിട്ടയില്‍ 6074 സീറ്റുകളും കോട്ടയം ജില്ലയില്‍ 4990 സീറ്റുകളും ആലപ്പുഴയില്‍ 3164 സീറ്റുകളും ഒഴിഞ്ഞു കിടക്കും. ഇടുക്കി-1845, കൊല്ലം-1796, തിരുവനന്തപുരം-848, എറണാകുളം-673 എന്നിങ്ങനെയാണ് കുട്ടികളില്ലാത്തിന്റെ പേരില്‍ ആര്‍ക്കും വേണ്ടാത്ത സീറ്റുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്

പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

Published

on

ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്‍ഡന്‍, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.

പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

Continue Reading

kerala

പാഴ്‌സല്‍ ഗതാഗതത്തിന് പുതിയ പാതയൊരുക്കി ഇന്ത്യന്‍ റെയില്‍വേ: ‘ കോസ്റ്റ്-ടു-കോസ്റ്റ് ‘ പാഴ്‌സല്‍ എക്‌സ്പ്രസ് കേരളത്തിലേക്ക്

രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്‌സല്‍ എക്‌സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്.

Published

on

തിരൂര്‍: ദക്ഷിണ റെയില്‍വേ ഇന്ത്യയിലെ പാഴ്‌സല്‍ ഗതാഗത രംഗത്ത് ഒരു പുതുമയ്ക്കാണ് തുടക്കമിടുന്നത്. രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്‌സല്‍ എക്‌സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്. വര്‍ഷങ്ങളായി റോഡ്മാര്‍ഗം ചെലവേറെയായി സാധനങ്ങള്‍ അയയ്‌ക്കേണ്ടി വന്ന വ്യാപാരികള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഈ പുതിയ സംരംഭം ആശ്വാസമാകുമെന്ന് റെയില്‍വേ വകുപ്പ് ഉറപ്പുനല്‍കുന്നു.

മംഗളൂരുവില്‍ നിന്നാരംഭിച്ച് റോയാപുരം വരെ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ കേരളത്തിലെ ഏഴ് പ്രധാന സ്‌റ്റേഷനുകളില്‍ നിര്‍ത്തും. തിരൂര്‍, ഷോരണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല പാഴ്‌സല്‍ ഗതാഗതത്തിന് സ്ഥിരതയും വേഗതയും നല്‍കുന്നു. കേരളത്തിനുള്ളില്‍ പ്രത്യേകിച്ച് തിരൂര്‍ വെറ്റില കയറ്റുമതിയ്ക്ക് ഈ സര്‍വീസ് വലിയ മാറ്റമുണ്ടാക്കും. ഇതുവരെ വെറ്റിലയും മറ്റു പല സാധനങ്ങളും യാത്രാ ട്രെയിനുകളിലെ ഭാഗങ്ങളില്‍ ആശ്രയിച്ചാണ് അയച്ചിരുന്നത്. പുതിയ പാഴ്‌സല്‍ എക്‌സ്പ്രസ് ആരംഭിക്കുന്നത് സമയത്തും ചെലവിലും കാര്യമായ ലാഭം നല്‍കും. കൂടാതെ വ്യാവസായിക വസ്തുക്കള്‍, വൈറ്റ് ഗുഡ്‌സ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, പെട്ടെന്ന് കേടാകുന്ന സാധനങ്ങള്‍ തുടങ്ങി പലതും ഈ ട്രെയിനിലൂടെ സുരക്ഷിതമായി എത്തിക്കാനാകും. ഇതിനെ സഹായിക്കുന്ന വിധത്തില്‍ 10 ഹൈ കപ്പാസിറ്റി വാനുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും ഉള്‍പ്പെടുത്തി റെയില്‍വേ പ്രത്യേക സംവിധാനങ്ങളും ഒരുക്കി.

സര്‍വീസ് സമയക്രമവും വ്യാപാരികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി കോഴിക്കോട്, തിരൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളിലൂടെ യാത്ര തുടരുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയോടെ റോയാപുരത്തെത്തും. തിരിച്ചുള്ള സര്‍വീസ് ചൊവ്വാഴ്ചകളിലാണ്. ഇതിലൂടെ കേരളവും തമിഴ്‌നാടും തമ്മിലുള്ള ലജിസ്റ്റിക് ശൃംഖല കൂടുതല്‍ ക്രമബദ്ധവും വിശ്വസനീയവുമായിരിക്കും. സ്‌റ്റേഷനുകളില്‍ പാഴ്‌സല്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.

പുതിയ പാഴ്‌സല്‍ എക്‌സ്പ്രസ് ഇന്ത്യയിലെ ചരക്ക് ഗതാഗതരംഗത്ത് ഒരു നിലപാടുമാറ്റമാണ്. ചെലവു കുറഞ്ഞതും സമയം കൃത്യമായതുമായ സേവനം ലഭ്യമാകുന്നതോടെ വ്യാപാരികളും കയറ്റുമതി മേഖലയും കൂടുതല്‍ കരുത്താര്‍ജിക്കും. ലജിസ്റ്റിക് രംഗത്തെ നിലവിലുള്ള തടസ്സങ്ങളും വൈകല്യങ്ങളും പരിഹരിക്കുന്നതില്‍ ഈ സര്‍വീസിന് വലിയ പങ്ക് വഹിക്കാനാകും. കേരളത്തിന്റെ വാണിജ്യ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന ഈ സംരംഭം, റെയില്‍വേയുടെ മുന്നേറ്റ ചിന്തകളുടെ തെളിവായും മാറുന്നു.

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending