ന്യൂഡല്‍ഹി: ചില പൊതുമേഖലാ ബാങ്കുകള്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാറും. പൊതുമേഖലാ ബാങ്കുകളില്‍ ശുദ്ധീകരണ നടപടികളുമായി ആര്‍.ബി.ഐ രംഗത്തു വന്നതോടെ ഇത് ചില ബാങ്കുകള്‍ അടച്ചു പൂട്ടാനുള്ള നടപടിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോള്‍ വ്യാപിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. പുറത്തു വരുന്ന വാര്‍ത്തകള്‍ക്കു വിരുദ്ധമായി പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.