ലോകായുക്തയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കുന്നത് അഴിമതി നിര്‍ലോഭം തുടരാനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം പ്രസ്താവിച്ചു. സര്‍ക്കാരിനെതിരെ അഴിമതി അന്വേഷണങ്ങളും വിധിപ്രഖ്യാപനങ്ങളും വന്നാലും അധികാരത്തില്‍ അള്ളിപ്പിടിച്ച് അഴിമതി നിര്‍ലോഭം തുടരാനാണ് സര്‍ക്കാര്‍ ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്നത്. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനില്‍ക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി. മന്ത്രിമാര്‍ക്കെതിരായി ലോകായുക്ത ഉത്തരവ് വന്നാല്‍ മുഖ്യമന്ത്രി ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് തീരുമാനിക്കുന്ന ഭേദഗതി എന്തിനു വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ബോധ്യമാകും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കാനുള്ള അടവ് മാത്രമാണിത്. പി.എം.എ സലാം വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ വന്‍കിട പദ്ധതികളോടുള്ള സര്‍ക്കാരിന്റെ അമിത താല്‍പര്യം അഴിമതിക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്. ആരോപണങ്ങള്‍ വരുന്നതിന് മുമ്പേ ലോകായുക്തയെ മരവിപ്പിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുമായി ലോകായുക്തയെ സമീപിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്ന തീരുമാനം വന്നിരിക്കുന്നത്. മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഈ നാണംകെട്ട നടപടി സ്വീകരിച്ചത്. ജനാധിപത്യ കേരളം ഇതിനെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തണം. പി.എം.എ സലാം പറഞ്ഞു.