Connect with us

News

ഗ്രീഷ്മയ്ക്ക് തിരിച്ചടി; ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല

ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്.

Published

on

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ സമാനമായ ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നു. 2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ 2022 ഒക്ടോബര്‍ 25നു മരിച്ചു.

ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാറും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇതേ കേസില്‍ ഇവരെയും പൊലീസ് പ്രതി ചേത്തിട്ടുണ്ട്. കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു

 

kerala

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ,ഇടിമിന്നല്‍ ജാഗ്രത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട്് തുടരും. ഉച്ചയ്ക്കുശേഷം മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് വിവരം.

കന്യാകുമാരി തീരത്തും സമീപ പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ചക്രവാത ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴ തുടരുമെന്ന് പ്രവചനം.

നവംബര്‍ 24 മുതല്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് തുടങ്ങി ദുഷ്‌കരമായ കാലാവസ്ഥാ സാഹചര്യമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലുണ്ടായിരുന്ന ശക്തമായ ന്യൂനമര്‍ദം ഇപ്പോള്‍ മലേഷ്യമലാക്ക കടലിടുക്ക് മേഖലയില്‍ എത്തിയിരിക്കുകയാണ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേരള തീരത്ത് മീന്‍പിടുത്തത്തിന് വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

അമീബിക് മസ്തിഷ്‌കജ്വരം: 22 ദിവസത്തില്‍ 9 മരണം

ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരബാധ മരണസംഖ്യ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് ഗൗരവത്തിലാകുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ ഒമ്പതുപേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി. ഈ കാലയളവില്‍ 170 പേര്‍ രോഗബാധിതരായിട്ടുണ്ട്.

ഈ മാസം മാത്രം 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 40 ദിവസം ചികിത്സയിലായിരുന്ന നെടുമങ്ങാട് സ്വദേശി കെ.വി. വിനയ (26)യാണ് ഒടുവില്‍ മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇരുപതോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

വെള്ളമാണ് രോഗവ്യാപനത്തിന്റെ മുഖ്യകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, രോഗബാധിതര്‍ ഉപയോഗിച്ച ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചിട്ടും ഉറവിടം കണ്ടെത്താനായിട്ടില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ശാരീരികമായി പരിമിതമായവര്‍ക്ക് രോഗം ബാധിച്ചതും വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. ഇതോടെ രോഗവ്യാപനത്തിന്റെ സ്വഭാവത്തിലും ഉറവിടത്തിലും പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

അതിനിടെ, ആരോഗ്യവകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെയും വിദഗ്ധരും ചേര്‍ന്ന് നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. എന്നാല്‍ പഠനത്തില്‍ പരിസ്ഥിതി വിദഗ്ധര്‍ ഇല്ലെന്ന കാര്യം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗവ്യാപനത്തില്‍ പരിസ്ഥിതി ഘടകങ്ങളും നിര്‍ണായകമാണെന്നതിനാല്‍ പഠനം അപൂര്‍ണ്ണമാകുമെന്നാണ് വിദഗ്ധരുടെ ആശങ്ക.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം മെഡിക്കല്‍ കോളജുകളെ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്. ഓരോ കേസിന്റെയും വ്യത്യസ്തമായ രോഗവ്യാപന രീതികള്‍ വിലയിരുത്തേണ്ടതിനാല്‍ പഠനം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

 

Continue Reading

india

നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്‍

വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്‍. വീട്ടില്‍ വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന്‍ ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

‘എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം’ എന്നായിരുന്നു മകന്‍ ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പറഞ്ഞു. ഭുവാല്‍ തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും ‘മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’ എന്നാണ് അയാള്‍ പറഞ്ഞത്.

മകന്റെ വിവാഹം നടക്കുന്നതിനാല്‍ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന്‍ പറഞ്ഞുവെന്ന് അയാള്‍ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്‍ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പലസ്ഥലങ്ങളില്‍ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്‍ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്‍ 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്‍ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കെപിയര്‍ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ഭുവാല്‍ പറയുന്നു.

Continue Reading

Trending