ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടപ്പാക്കുന്ന ചരക്കു സേവന നികുതി നിരക്ക് എത്രയെന്നതില്‍ ധനമന്ത്രിമാരുടെ യോഗത്തിലെ രണ്ടാം ദിനത്തിലും തീരുമാനമായില്ല. അടുത്ത യോഗം നവംബര്‍ മൂന്ന് നാല്, ഒമ്പത് തീയതികളില്‍ ചേരും. അവശ്യസാധനങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ആഡംബര ചരക്കുകള്‍ക്ക് വലിയ നികുതിയും ചുമത്തി ഏകീകൃത നികുതി നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. 4, 6, 12, 18, 26 ശതമാനം വീതമുള്ള പഞ്ചതല നികുതി ഘടനയാണ് പ്രധാനമായും ചര്‍ച്ചയ്ക്കു വന്നത്. അഥവാ കുറഞ്ഞ നികുതി നാലും കൂടിയത് 26 ഉം ശതമാനമായിരിക്കും.

സ്വര്‍ണമടക്കമുള്ള വിലകൂടിയ ആഭരണങ്ങള്‍ക്ക് നാല് ശതമാനം, അവശ്യസാധനങ്ങള്‍ക്ക് ആറ് ശതമാനം, മെറിറ്റ് ചരക്കുകള്‍ക്ക് (ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, മ്യൂസിയം) തുടങ്ങിയവ 12 ശതമാനം (മിക്ക സേവനങ്ങളും ഇതില്‍പ്പെടും), പൊതുനിരക്കായി 18 ശതമാനം, ഡിമെറിറ്റ് ചരക്കുകള്‍ക്ക് (പുകയില, മദ്യം തുടങ്ങിയവ) 26 ശതമാനം എന്നിങ്ങനെയാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. പൊതു ആവശ്യത്തിനുള്ള വസ്തുക്കള്‍ക്ക് അമ്പത് ശതമാനമോ അതില്‍ കുറവോ നികുതിയിളവ് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അത്യാഡംബരങ്ങളായ ലക്ഷ്വറി കാറുകള്‍, ലഹരിയുല്‍പ്പന്നങ്ങളായ പുകയില, സിഗരറ്റ്, മദ്യം, അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് ഉയര്‍ന്ന തോതിലുള്ള നികുതിയേര്‍പ്പെടുത്താന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇവയ്ക്ക് 26 ശതമാനം വരെ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ അമ്പതിനായിരം കോടി രൂപ സമാഹരിക്കാം എന്നാണ് സര്‍്ക്കാര്‍ കണക്കു കൂട്ടുന്നത്. സോഫ്റ്റ് ഡ്രിങ്കുകള്‍ പോലുള്ള പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും 26 ശമതാനം നികുതി വരും.

നിലവില്‍ ഇത് 31 ശതമാനത്തോളം വരും. സേവനനികുതി ആറ് ശതമാനമായിരിക്കും എന്നാണ് സൂചന. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നടപ്പാക്കാന്‍ അഞ്ചു വര്‍ഷത്തെ ശരാശരി നികുതി വരുമാനത്തിന്റെ 14 ശതമാനം നല്‍കാനാണ് ധാരണ.
പത്തു വര്‍ഷത്തെ ശരാശരി നികുതി വരുമാനം പരിഗണിക്കണമെന്നാണ് കൗണ്‍സിലില്‍ കേരളത്തിനു വേണ്ടി ഹാജരായ ധനമന്ത്രി തോമസ് ഐസക് വാദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതംഗീകരിക്കാന്‍ തയാറായില്ല. 2015-16 ആണ് നഷ്ടപരിഹാരം കണക്കാക്കുന്ന അടിസ്ഥാന വര്‍ഷം.
അതിനു തൊട്ടുമുമ്പുള്ള അഞ്ചു വര്‍ഷങ്ങളിലെ വരുമാനമാണ് നഷ്ടപരിഹാരത്തിനായി പരിഗണിക്കുക എന്നര്‍ത്ഥം. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് അഞ്ചു വര്‍ഷമാണ് കേന്ദ്രം നഷ്ടപരിഹാരം നല്‍കുക. അതിനിടെ, ഡി മെറിറ്റ് ചരക്കുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നത് ജി.എസ്.ടിയുടെ വീക്ഷണത്തിന് യോജിക്കുന്നതല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ചരക്കുകള്‍ക്ക് രണ്ടു ശതമാനം വരെ സെസ് ചുമത്താനാണ് ആലോചന.