പ്യോങ്യാങ്: ഗുവാമിലെ യു.എസ് സൈനിക താവളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തരകൊറിയ. യു.എസ് താവളത്തിനു സമീപം നാലു മിസൈലുകള്‍ വര്‍ഷിക്കാനാണ് ഉത്തരകൊറിയ ആലോചിക്കുന്നത്. ഈമാസം മധ്യത്തോടെ ആക്രമണ പദ്ധതി പൂര്‍ണമാകുമെന്നും ഭരണത്തലവന്‍ കിം ജോങ് ഉന്നിന്റെ അനുമതിക്കുവേണ്ടി അയച്ചുകൊടുക്കുമെന്നും സ്‌റ്റേറ്റ് മീഡിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഉന്നിന്റെ അനുമതി ലഭിക്കുന്നതോടെ ഹവാസ്സോങ്-12 റോക്കറ്റുകള്‍ ജപ്പാനു മുകളിലൂടെ പറന്ന് ഗുവാമില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ പതിക്കുമെന്ന് സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.
ഉത്തരകൊറിയയേയും ഭരണകൂടത്തെയും തകര്‍ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി സ്റ്റേറ്റ് മീഡിയ തള്ളി. യുക്തിരഹിതമായാണ് യു.എസ് നേതാവ് പെരുമാറുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഇനിയും പ്രകോപനമുണ്ടായാല്‍ രാജ്യത്തിന്റെ അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഭീഷണി മുഴക്കിയിട്ടുണ്ട്. സ്വയം ഒറ്റപ്പെടുന്ന നിലപാടുകളില്‍നിന്ന് പിന്മാറാനും ആണവായുധങ്ങള്‍ ഉപേക്ഷിക്കാനും ഉത്തരകൊറിയ തയാറാകണം. അല്ലാത്തപക്ഷം ഭരണകൂടത്തിന്റെ അവസാനവും ജനങ്ങളുടെ നാശവും വിളിച്ചുവരുത്തുമെന്ന് മാറ്റിസ് പറഞ്ഞു.
ഏതു രീതിയിലുള്ള ആക്രമണത്തെയും ചെറുത്തുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാറ്റിസ് ഇപ്പോള്‍ ഗുവാമിലാണുള്ളത്. അതേസമയം ഉത്തരകൊറിയ അവകാശപ്പെടുന്നതുപോലെ ഒരു ആക്രമണത്തിന് തയാറാകുമോ എന്ന കാര്യത്തില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അത്തരമൊരു നീക്കം ആത്മഹത്യാപരമായിരിക്കുമെന്ന് ഉത്തരകൊറിയക്ക് അറിയാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യു.എന്‍ രക്ഷാസമിതി പ്രമേയം പാലിച്ചുകൊണ്ട് ഉത്തരകൊറിയയിലെ ഒമ്പതു വ്യക്തികളുടെയും ഫോറിന്‍ ട്രേഡ് ബാങ്കുള്‍പ്പെടെയുള്ള നാലു സ്ഥാപനങ്ങളുടെയും സ്വത്ത് യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചു. ഉത്തരകൊറിയയുടെ നീക്കങ്ങള്‍ പ്രകോപനപരവും അന്താരാഷ്ട്ര സമൂഹത്തിന് അപകടകരമാവുമാണെന്ന് ജപ്പാന്‍ മുന്നറിയിപ്പുനല്‍കി.
ഗുവാം ലക്ഷ്യമാക്കി തങ്ങള്‍ക്കുമുകളിലൂടെ പറക്കുന്ന മിസൈലുകളെ തടുക്കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി ഇത്‌സുനോരി ഒനോഡേര അവകാശപ്പെട്ടു.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ദക്ഷിണകൊറിയയും അറിയിച്ചു.
ഗുവാം ആക്രമണ പദ്ധതി സജ്ജമെന്ന് ഉത്തരകൊറിയ

Be the first to write a comment.