ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന. മല്‍സര ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ പ്രവര്‍ത്തന രംഗത്ത് സജീവമായ രാഹുല്‍ ഗാന്ധിയുടെ വിജയമാണ് ഗുജറാത്തിലുണ്ടായതെന്ന് ശിവസേന പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് കോണ്‍ഗ്രസ് അധ്യക്ഷനെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗം വന്നത്.

രാഹുല്‍ ഗാന്ധി എന്ന വ്യക്തിയേക്കാള്‍ രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച കാര്യങ്ങളായിരുന്നു ബിജെപി ഉന്നയിക്കേണ്ടിയിരുന്നതെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ സാംന മുഖപ്രസംഗത്തി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും രാഹുല്‍ ഗാന്ധിയുടെ ഉയര്‍ച്ചയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു കഴിഞ്ഞെന്നം താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയില്‍ രാഹുല്‍ ഗാന്ധി സജീവമായപ്പോള്‍ ബിജെപിയുടെ പല നേതാക്കളും തോല്‍വി മുന്നില്‍ കണ്ടെന്നും സാംന പറയുന്നു. പുതിയ അധ്യക്ഷനിലെ ആത്മവിശ്വാസം കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ രാഹുലിനെ പ്രാപ്തനാക്കുമെന്നും സാംനയുടെ എഡിറ്റോറിയലില്‍ എഴുതുന്നു.