അഹമ്മദാബാദ് : പശുവിനെ കൊന്നാല്‍ കഠിനമായ ശിക്ഷ നല്‍കുന്ന നിയമം നിര്‍മ്മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ ഇനിമുതല്‍ പശുവിനെ കൊന്നാലും പോത്തുകടത്തിയാലും ജീവപര്യന്തം പോലെയുള്ള കഠിനമായ ശിക്ഷ ചുമത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു. ജൂനഗഢ് ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റൂപാനി.

പശുവിനെ സംരക്ഷിക്കുന്ന നിയമം കൊണ്ടുവരുന്നതിന് സുപ്രീംകോടതിവരെ ഞങ്ങള്‍ പോയി. ഇപ്പോള്‍ ആ നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിനാണ് ശ്രമിക്കുന്നത്. അടുത്തയാഴ്ച്ച അവതരിപ്പിക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാബജറ്റില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്നും വിജയ് റൂപാനി അറിയിച്ചു.

2011-ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പശുവിനെ കൊല്ലുന്നതും ബീഫ് കടത്തുന്നതും നിരോധിച്ചത്. 1954-ലെ ഗുജറാത്ത് ആനിമല്‍ പ്രിസെര്‍വേഷന്‍ നിയമപ്രകാരമാണിത്. ഈ നിയമപ്രകാരം പശുവിനെ കൊല്ലുകയോ കടത്തുകയോ ചെയ്താല്‍ 50,000രൂപയും ഏഴു വര്‍ഷം തടവുമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഈ നിയമം കൂടുതല്‍ കര്‍ശനമാക്കി ജീവപര്യന്തം ശിക്ഷ നല്‍കുമെന്നാണ് രൂപാനി പറയുന്നത്.