ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് നാള്‍ കുറിച്ചു. ഡിസംബര്‍ ഒമ്പത്, 14 തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളും രണ്ടാംഘട്ടത്തില്‍ 93 മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും. ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പിനൊപ്പം ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജോതിയാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഹിമാചല്‍ പ്രദേശിനൊപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി തീരുമാനം വൈകിപ്പിച്ചു എന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു ജോതിയുടെ പത്രസമ്മേളനം.
നവംബര്‍ 14നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ആദ്യഘട്ടത്തിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 21. 22ന് സൂക്ഷ്മപരിശോധന. രണ്ടാംഘട്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 27 ആണ്.

സംസ്ഥാനത്തെ 182 സീറ്റുകളില്‍ 13 എണ്ണം പട്ടിക ജാതിക്കും 27 എണ്ണം പട്ടിക വര്‍ഗത്തിനുമായി നീക്കിവെച്ചിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും ആര്‍ക്കു വോട്ടു ചെയ്തു എന്ന് തിരിച്ചറിയാന്‍ കഴിയുന്ന വി.വി പാറ്റ് വോട്ടിങ് മെഷീനുകളാണ് ഉപയോഗിക്കുക. മൊത്തം 50128 പോളിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ ബൂത്തിലും മുന്‍ഗണനയുണ്ടാകും.

ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 28 ലക്ഷമാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പോളിങ് കഴിഞ്ഞ് 30 ദിവസത്തിനകം വരവു ചെലവുകള്‍ സമര്‍പ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും തട്ടകം എന്ന നിലയില്‍ സംസ്ഥാനത്ത് വിജയിക്കേണ്ടത് ബി.ജെ.പിയുടെ അഭിമാനപ്പോരാട്ടമാണ്. 2012ല്‍ 116 ഇടത്താണ് ബി.ജെ.പി വിജയിച്ചിരുന്നത്. 150 സീറ്റ് എന്ന ലക്ഷ്യവുമായി ബി.ജെ.പി ഏറെ മുമ്പ് തന്നെ സംസ്ഥാനത്ത് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ഭരണവിരുദ്ധ വികാരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഈയിടെ നടത്തിയ റാലി പാര്‍ട്ടിക്ക് സംസ്ഥാനത്ത് പുതിയ ഉണര്‍വുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. നോട്ടു നിരോധനം, ജി.എസ്.ടി എന്നീ വിമര്‍ശിക്കപ്പെട്ട തീരുമാനങ്ങള്‍ വോട്ടാക്കി മാറ്റാം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സംസ്ഥാനത്തെ ദളിത് വിഭാഗങ്ങളുമായി സഖ്യത്തിനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
അതിനിടെ, ഇന്ത്യാ ടുഡേയ്ക്കു വേണ്ടി ആക്‌സിസ് മൈ ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വേ സംസ്ഥാനത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. ബി.ജെ.പിക്ക് 115-125 സീറ്റു കിട്ടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 5765 സീറ്റിലൊതുങ്ങും. പട്ടേല്‍ സംവരണ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ പാര്‍ട്ടിക്ക് 62-71 സീറ്റു വരെ നേടാനാകുമെന്നും സര്‍വേ വിലയിരുത്തുന്നു.

ഗുജറാത്തിന് ലഭിച്ചത് 11000 കോടിയുടെ ആനുകൂല്യങ്ങളും പദ്ധതികളും

ഒക്ടോബര്‍ 12ന് ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, ഗുജറാത്തിന് ലഭിച്ചത് 11000 കോടി രൂപയുടെ പദ്ധതികളും ആനുകൂല്യങ്ങളും. ബി.ജെ.പിക്കായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ആനുകൂല്യങ്ങളും പദ്ധതികളും അക്കമിട്ടു നിരത്തി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഏകദേശം 1800 കോടിയുടെ പദ്ധതികളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ സ്വന്തം മണ്ഡലമായ വഡോദരയില്‍ 1140 കോടിയുടെ പദ്ധതികള്‍ക്കാണ് മോദി തുടക്കം കുറിച്ചിരുന്നത്.
ഒറ്റനോട്ടത്തില്‍

തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളില്‍

ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന്
രണ്ടാം ഘട്ടം 14ന്
വോട്ടെണ്ണല്‍ 18ന്
ആദ്യഘട്ടത്തില്‍ 89
മണ്ഡലങ്ങള്‍
രണ്ടാം ഘട്ടത്തില്‍ 93
4.33 കോടി വോട്ടര്‍മാര്‍
50,128 പോളിങ്ബൂത്തുകള്‍

2012ലെ കക്ഷി നില

മൊത്തം സീറ്റ് – 182
ബി.ജെ.പി – 116
കോണ്‍ഗ്രസ് – 60
ഗുജറാത്ത് പരി. പാര്‍ട്ടി – 02
എന്‍.സി.പി – 02
ജെ.ഡി.യു – 01
സ്വതന്ത്രന്‍ – 01