ജിദ്ദ: ദക്ഷിണ ജിദ്ദയിലെ ഗുലൈല്‍ ജില്ലയില്‍ മുന്‍ ഭാര്യയെ യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിക്കാനുള്ള അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മുനീറ എന്നു പേരുള്ള 28കാരിയുടെ ശിരസിന് 2കാരനായ മുന്‍ഭര്‍ത്താവ് ചുറ്റികക്ക് ആവര്‍ത്തിച്ച് ആഞ്ഞടിച്ചത്. ഛാഡുകാരനായ പ്രതി ആശാരിയാണ്.

രണ്ടുമാസം മുമ്പാണ് ദമ്പതികള്‍ വേര്‍പിരിഞ്ഞത്. പ്രശ്‌നങ്ങള്‍ നമുക്കു പറഞ്ഞു തീര്‍ക്കാമെന്നും വീട്ടില്‍ വരാന്‍ അനുവദിക്കണമെന്നും യുവാവ് ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയും യുവതി സമ്മതിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ചര്‍ച്ചക്ക് യുവതിയുടെ വീട്ടിലെത്തിയതാണ് പ്രതി. എന്നാല്‍ സംഭാഷണത്തിനിടെ രോഷാകുലനായ പ്രതി ഭാര്യയുടെ ശിരസ് മുറിയിലെ ഭിത്തിയില്‍ ഇടിച്ചു. ഇതിനു ശേഷം ചുറ്റിക കൊണ്ടടിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.

സ്ഥലകാല ബോധം വീണ്ടുകിട്ടിയതോടെ സംഭവത്തെ കുറിച്ച് ഉടന്‍ തന്നെ ഇയാള്‍ മാതാവിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു.

ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. രണ്ടുമാസം മുമ്പാണ് ഇരുവരും വിവാഹ മോചനം ചെയ്തത്.