Connect with us

kerala

പെരിയയില്‍ പഠിക്കുമോ പിണറായി സര്‍ക്കാര്‍

Published

on

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് ഇളംചെറുപ്പക്കാരെ രാഷ്ട്രീയ വിരോധത്തിന്റെപേരില്‍ ഇരുട്ടിന്റെ മറവില്‍ ഇഞ്ചിഞ്ചായി കൊല ചെയ്തവര്‍ക്കായി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും അമ്പേ പരാജയപ്പെട്ട് നിയമത്തിനും സാമാന്യനീതിക്കും മനുഷ്യത്വത്തിനും മുന്നില്‍ തുണിയുരിയപ്പെട്ട് നില്‍ക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. സംസ്ഥാനത്തെ ജനങ്ങളുടെ ഒരുകോടിയോളം രൂപയുടെ നികുതിപ്പണം അഭിഭാഷകര്‍ക്ക് വീതിച്ചുനല്‍കി വാദിച്ചിട്ടും പെരിയ കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരിക്കുകയാണ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍പോയത് പ്രതികളും കൂട്ടുപ്രതികളുമായ സ്വന്തം രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും എന്തു വിലകൊടുത്തും രക്ഷിക്കാനായിരുന്നു. അത് ചീറ്റിപ്പോയെന്ന് മാത്രമല്ല, ജനങ്ങളുടെ പണം തിരികെ ഏല്‍പിക്കേണ്ട ധാര്‍മിക ബാധ്യതകൂടി പിണറായി സര്‍ക്കാരിന് വന്നുചേര്‍ന്നിരിക്കുകയാണ്.
ഒന്‍പതു മാസവും ഒന്‍പതു ദിവസവും കഴിഞ്ഞ് ഇന്നലെയാണ് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സിംഗിള്‍ബെഞ്ച്‌വിധി ശരിവെച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ആറു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കപ്പെടേണ്ട വിധിയാണ് സര്‍ക്കാര്‍ കാരണം ഇത്രത്തോളം നീണ്ടുപോയത്. സി.ബി.ഐ വന്നാല്‍ തങ്ങളുടെ കൈപൊള്ളുമെന്നും നേതാക്കളടക്കം അകത്താകുമെന്നുമുള്ള ഭീതിയാണ് സര്‍ക്കാരിനെ ഇത്രത്തോളം അധമത്വത്തിലേക്ക് എത്തിച്ചത്. പ്രമാദമായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം നേതൃത്വം പൊലീസിലും കോടതിയിലും ജയില്‍ വകുപ്പിലുമൊക്കെ ഇടപെട്ട് എങ്ങനെയെല്ലാമാണോ നീതി തമസ്‌കരിക്കാന്‍ പരിശ്രമിച്ചത്, സമാനമായ തരംതാണ പൊറാട്ടുനാടകമാണ് പെരിയ ഇരട്ടക്കൊലക്കേസിലും സി.പി.എം അനുവര്‍ത്തിച്ചത്. അന്ന് സി.പി.എം സംസ്ഥാന നേതൃത്വമായിരുന്നു പ്രതിക്കൂട്ടിലെങ്കില്‍ ഇന്ന് ജനങ്ങളുടെ ചെലവിലാണ് ജീവിതം പിച്ചവെച്ചു തുടങ്ങുന്ന രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കശ്മലന്മാര്‍ക്കുവേണ്ടി ഒരു ജനാധിപത്യ സര്‍ക്കാര്‍ നെറികേടിന്റെ തനിസ്വരൂപം പുറത്തെടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ സിംഗിള്‍ ബെഞ്ച് വിധിയില്‍, പ്രതികളുടെ മൊഴി അപ്പടി വിശ്വസിച്ചാണ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയതെന്നായിരുന്നു കോടതിയുടെ പ്രസ്താവം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വാദം നിഷേധിച്ച് സി.പി.എം നേതാക്കളായ കെ.വി കുഞ്ഞിരാമനും വി.പി.പി മുസ്തഫക്കും ഗൂഢാലോചനയില്‍ പങ്കില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊലക്ക് കാരണം മുഖ്യപ്രതിയും സി.പി.എം നേതാവുമായ പീതാംബരന്റെ വ്യക്തിവിരോധമാണെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. ഇത് സി.പി.എമ്മിന്റെ തന്നെ വാദമായിരുന്നു. പീതാംബരനുള്‍പ്പെടെ 14 പേരെയാണ് പൊലീസ് പ്രതിയാക്കിയത്. കുറ്റപത്രംറദ്ദാക്കിയ വിധി റദ്ദാക്കിയെങ്കിലും ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സമാധാനകാംക്ഷികളായ സര്‍വജനങ്ങള്‍ക്കും വലിയ ആശ്വാസം പകരുന്നു. ടി.പി കേസിലും കണ്ണൂലിലെ അരിയില്‍ഷുക്കൂര്‍, ശുഹൈബ്, ഫസല്‍ കേസുകളിലെല്ലാം ഏറിയും കുറഞ്ഞും ഇതേനിലപാടു തന്നെയായിരുന്നു പിണറായിഭരണകൂടവും പൊലീസും സ്വീകരിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ അതേ ചോരക്കറയാണ് ആഭ്യന്തര വകുപ്പിന്റെയും അതിനെ നിയന്ത്രിക്കുന്ന സി.പി.എം നേതൃത്വത്തിന്റെയും മുഖത്ത് ഈ കേസിലും കാണാനാവുന്നത്. മന:സാക്ഷി ലവലേശമില്ലാത്ത ആള്‍ക്കൂട്ടത്തിന് മാത്രമേ ഇതുപോലെ പ്രവര്‍ത്തിക്കാനാകൂ.
കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളം അതീവ ഗൗരവമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെയാണ് 2019 ഫെബ്രുവരി 17ന് കേരളത്തെ ഞെട്ടിച്ച മറ്റൊരു രാഷ്ട്രീയക്കൊലപാതകം കൂടി സി.പി.എമ്മിന്റെ ആശിസ്സുകളോടെ സംസ്ഥാനത്ത് സംഭവിക്കുന്നത്. കാസര്‍കോട് പെരിയയില്‍ ക്ഷേത്രോല്‍സവ സംബന്ധിയായ യോഗത്തില്‍ പങ്കെടുത്തശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസിന്റെ ചുറുചുറുക്കുള്ള പ്രവര്‍ത്തകരെയാണ് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുവീഴ്ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. തികച്ചും ദരിദ്ര സാഹചര്യത്തില്‍ വളരുന്ന കുടുംബമായിരുന്നു ഇരുവരുടേത്. സി.പി.എമ്മിനെതിരായ ഒരു രാഷ്ട്രീയകക്ഷിയില്‍ പ്രവര്‍ത്തിക്കുകയും സ്വന്തമായി അഭിപ്രായം കൊണ്ടുനടക്കുകയും ചെയ്തുവെന്നതായിരുന്നു പ്രതികള്‍ ചെയ്ത തെറ്റ്. കൊലപാതകത്തിന് ദിവസങ്ങള്‍ക്കുമുമ്പ് സി.പി.എം കമ്മിറ്റി യോഗം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി കണ്ടെത്തിയിരുന്നു. ആദ്യം കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥനെ മാറ്റിയപ്പോള്‍തന്നെ കേസിന്റെ ഗതിയെക്കുറിച്ച് സംശയം ജനമനസ്സുകളില്‍ രൂപപ്പെട്ടിരുന്നു. അതിശക്തമായ ജനകീയ ചെറുത്തുനില്‍പും നീതിക്കുവേണ്ടി ഏതറ്റം വരെയുംപോകുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യവുമാണ് ഇന്നലത്തെ വിധിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. കൊലപാതകത്തിന്് പിന്നിലെ ഗൂഢാലോചനക്കെതിരെ കൃപേഷിന്റെ പിതാവ് കൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ വിധി ഇടതുസര്‍ക്കാരിനും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ബി.ജെ.പിക്കുമെല്ലാം കൊലപാതക രാഷ്ട്രീയത്തിനെതിരായ മറ്റൊരു മുന്നറിയിപ്പാണെങ്കിലും നിരവധി കൊലപാതകക്കേസുകളുടെ കാര്യത്തിലെന്നതുപോലെ ഇതും കാരിരുമ്പിന്റെ ഹൃദയമുള്ള രാഷ്ട്രീയ നേതൃത്വങ്ങളില്‍ നേരിയ ഇളക്കമെങ്കിലും സൃഷ്ടിക്കുമെന്ന് കരുതാന്‍ വയ്യ. ടി.പി വധത്തിന്‌ശേഷം മന്ത്രിമാരും എം.എല്‍.എമാരുമടക്കമുള്ള സി.പി.എം നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടാഭീഷണികള്‍ ജനങ്ങള്‍ അതേപടി കാണുകയാണിപ്പോഴും. ടി.പി കേസിലെ കുറ്റവാളിയെ ഏരിയാകമ്മിറ്റിയില്‍ നിലനിര്‍ത്തുകയും തോന്നിയപോലെ പരോള്‍ അനുവദിക്കുകയുംചെയ്ത സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കാനും വയ്യ. കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിന് സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗത്തിന് സിറ്റിങ്‌സീറ്റ് നഷ്ടമായിട്ടുപോലും ജനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും നീതിപീഠങ്ങളെയും വെല്ലുവിളിച്ച് പഴയ നീക്കത്തിലാണ് സി.പി.എമ്മും സര്‍ക്കാരും. കേസിലെ പ്രതികള്‍ക്കുവേണ്ടി വാദിക്കാന്‍ കൊടുത്ത നാട്ടുകാരുടെ അധ്വാനപ്പണമായ 88 ലക്ഷം രൂപ ട്രഷറിയിലേക്ക് തിരിച്ചടക്കാനുള്ള ആര്‍ജവമെങ്കിലും സി.പി.എം നേതൃത്വം കാണിക്കണം. പക്ഷേ അത്രയെങ്കിലും മന:സാക്ഷിയും സമാധാനബോധവും തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ എത്രയോ ചെറുപ്പക്കാര്‍ കേരളത്തിലിന്നും ജീവിച്ചിരിക്കുമായിരുന്നല്ലോ!

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കൊളസ്‌ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

Published

on

ഇന്ത്യയില്‍ മരണത്തിനും വൈകല്യത്തിനും പ്രധാന കാരണമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടരുന്നതായി 2023ല്‍ പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. Cardiovascular disease (CVD) ഇന്ത്യക്കാരില്‍ മറ്റു രാജ്യങ്ങളേക്കാള്‍ നേരത്തെ പ്രത്യക്ഷപ്പെടുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നതായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 81 ശതമാനത്തിലധികം പേരെ ബാധിച്ചിട്ടുണ്ടെന്നത് വലിയ ആശങ്കയാണ്. ഡിസ്‌ലിപിഡീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ മിക്കവാറും ലക്ഷണങ്ങളില്ലാതെ മാറുന്നതിനാല്‍ രോഗനില ഗുരുതരമാവുന്നത് വരെ പലര്‍ക്കും അത് തിരിച്ചറിയാനാകാതെ പോകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിലാണ് വിദഗ്ധര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. പൂരിത കൊഴുപ്പുകളുള്ള ഭക്ഷണം കുറയ്ക്കുകയും, നാരുകള്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണം സാധ്യമാകുമെന്ന് അവര്‍ പറയുന്നു. 2025 ഓഗസ്റ്റില്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, വാഴപ്പഴം, ബീറ്റ്, അവോക്കാഡോ പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത 24 ശതമാനം വരെ കുറയ്ക്കുമെന്ന് കണ്ടെത്തി. 2024 ഡിസംബറില്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പുറത്തിറക്കിയ പഠനത്തില്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത 19 ശതമാനം കുറയ്ക്കുകയും, കൊറോണറി ആര്‍ട്ടറി രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളെ ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ലയിക്കുന്ന നാരുകള്‍ സമൃദ്ധമായ ഓട്‌സ്, ബാര്‍ലി തുടങ്ങി തവിടുകൂടിയ ധാന്യങ്ങള്‍ എല്‍ഡിഎല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ‘ചീത്ത’ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകളും പ്രോട്ടീനും അടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളുടെ ഉപയോഗം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ഭാരനിയന്ത്രണത്തിനും സഹായകമാണ്. ആപ്പിള്‍, മുന്തിരി, സിട്രസ് പഴങ്ങള്‍, വഴുതനങ്ങ, വെണ്ടക്ക എന്നീ പഴങ്ങളും പച്ചക്കറികളും പെക്റ്റിന്‍ അടങ്ങിയതിനാല്‍ ഹൃദയാരോഗ്യത്തെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു. ബദാം, വാല്‍നട്ട്, നിലക്കടല തുടങ്ങിയ നട്ട്‌സില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതിനാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. ഒലിവ്, സൂര്യകാന്തി, കനോല പോലുള്ള സസ്യ എണ്ണകള്‍ പൂരിത കൊഴുപ്പുകള്‍ കുറവായതിനാല്‍ സുരക്ഷിതമാണ്. സാല്‍മണ്‍, അയല, സാര്‍ഡിന്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളില്‍ അടങ്ങിയ ഒമേഗ3 ഫാറ്റി ആസിഡുകള്‍ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, ചുവന്ന മാംസവും സംസ്‌കരിച്ച മാംസങ്ങളും, കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങളും, കേക്ക്, കുക്കീസ് പോലുള്ള ബേക്കറി ഉല്‍പ്പന്നങ്ങളും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള പൂരിതയും ട്രാന്‍സ് കൊഴുപ്പുകളും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയരാന്‍ പ്രധാന കാരണമാകുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ ശരിയായ ഭക്ഷണക്രമം നിര്‍ണായകമാണെന്നും, ഇത് ദീര്‍ഘകാല ഹൃദയാരോഗ്യം ഉറപ്പാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Continue Reading

kerala

‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്‌ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

Published

on

മൂന്നാര്‍: വിനോദസഞ്ചാരികളായ യുവാക്കള്‍ ‘ ചേട്ടാ ‘ എന്ന് അഭിസംബോധന ചെയ്തതില്‍ അസ്വസ്ഥനായി പൊലീസ് എഎസ്‌ഐ ശകാരിച്ച സംഭവമാണ് മൂന്നാറില്‍ വിവാദമാകുന്നത്. യൂണിഫോമില്‍ ഡ്യൂട്ടിയിലിരിക്കെ തങ്ങളെ ‘ സാര്‍ ‘ എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന്‍ യുവാക്കളോട് ഉയര്‍ത്തിയ ശബ്ദമാണ് നാട്ടുകാരും വ്യാപാരികളും കേട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ ട്രാഫിക് യൂണിറ്റില്‍ ഡ്യൂട്ടിയിലിരുന്ന എഎസ്‌ഐയുടെ അടുത്തെത്തി ‘ ചേട്ടാ, ബൈക്കുകള്‍ ഇവിടെ വച്ചോട്ടെ? ‘ എന്ന് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ കോപാകുലനായി. ‘ യൂണിഫോം കണ്ടില്ലേ?’ , സാര്‍ എന്ന് വിളിക്കണം തുടങ്ങിയ വാക്കുകളില്‍ യുവാക്കളെ വിരട്ടിയതായും സാക്ഷികള്‍ അറിയിച്ചു. ശബ്ദം ശക്തമായതോടെ ചുറ്റുപാടുള്ളവര്‍ ശ്രദ്ധിച്ചു, തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്ത് നിന്ന് പിന്മാറി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ പോലീസിന്റെ പെരുമാറ്റശൈലി സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും ശക്തമാവുകയാണ്.

Continue Reading

kerala

ക്യാമ്പിനിടെ അശ്ലീലപ്രവര്‍ത്തനം; ബി.എല്‍.ഒക്കെതിരെ നടപടി

തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ആനപ്പടി വെസ്റ്റ് എല്‍.പി. സ്‌കൂളില്‍ ചുമതലയുള്ള ബി.എല്‍.ഒ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു.

Published

on

മലപ്പുറം: എസ്.ഐ.ആര്‍ എന്യൂമേറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ആനപ്പടി വെസ്റ്റ് എല്‍.പി. സ്‌കൂളില്‍ ചുമതലയുള്ള ബി.എല്‍.ഒ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനാലാണ് നടപടി.

സംഭവത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. വിശദീകരണം ലഭിച്ച ശേഷമാണ് തുടര്‍നടപടികള്‍ തീരുമാനിക്കുക.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രായമായവരുള്‍പ്പെടെ ജനങ്ങളെ വെയിലത്ത് കാത്തുനിര്‍ത്തുന്നതിനെ കുറിച്ച് നാട്ടുകാര്‍ ചോദ്യം ചെയ്തതിന് പിന്നാലെ പ്രകോപിതനായി മുണ്ട് പൊക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു വാസുദേവന്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്നിധ്യത്തിലായിരിക്കെയാണ് ഈ അശ്ലീലപ്രവര്‍ത്തനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

താന്‍ പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഇത്തരം പ്രവൃത്തി ചെയ്തത് എന്നാണ് വാസുദേവന്റെ പ്രതികരണം.

 

Continue Reading

Trending