റസാഖ് ഒരുമനയൂര്‍

അബുദാബി: കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ ബാങ്കുകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കിയതുമൂലം നിരവധി പ്രവാസികള്‍ പണം കിട്ടാതെ പ്രയാസത്തിലായിമാറി. യു.എ.ഇ ദേശീയദിനാഘോഷ അവധി കൂടി ചേര്‍ത്ത് നാട്ടില്‍ പോയവരാണ് പണം കിട്ടാതെ ദുരിതത്തിലായി മാ റിയത്. നോട്ട് പിന്‍വലിച്ചു മൂന്നാഴ്ച പിന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ പണത്തിന് പ്രയാസം നേരിടുകയില്ലെന്നാണ് കരുതിയതെന്ന് സഹോദരിയുടെ വിവാഹത്തിന് നാട്ടില്‍ പോയ കൊടുങ്ങല്ലൂര്‍ സ്വദേശി അക്ബര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പ റഞ്ഞു.

 
എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് നിരാശനായാണ് ബാങ്കില്‍ നിന്നും തിരിച്ചുപോന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ പ്രവാസികളുടെ കൈവശമുള്ള500,1000 നോട്ടുകള്‍ മാറ്റുന്നതിന് കേ ന്ദ്രസര്‍ക്കാര്‍ യാതൊരുവിധ പകരം സംവിധാനവും ഏര്‍പ്പെടുത്തിയില്ല. ഇനി അതിനുള്ള സാധ്യത ഉണ്ടാവാനിടയില്ലെന്നാണ് അറിയുന്നത്. ഇതിലൂടെ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മൊത്തം പ്രവാസികളുടെ കൈവശമുള്ള 2000കോടിയോളം രൂപയാണ് നഷ്ടപ്പെട്ടുപോകുന്നത്.

ഇത്രയും വലിയ തുക ആര്‍ക്കും ഉപയോഗപ്പെടുത്താനാവാതെ പോകുന്നത് അത്യധികം വേദനാജനകമാണെന്ന് വിദേശ ഇന്ത്യക്കാര്‍ വിലയിരുത്തുന്നു. സ്റ്റേറ്റ് ബാങ്കിനു കീഴില്‍ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന മണി എക്‌സ്‌ചേഞ്ചുകള്‍ മുഖേനയോ ഇന്ത്യയുടെ ബാങ്ക് ഓഫ് ബറോഡ വഴിയോ ഇവ മാറ്റിയെടുക്കു ന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഇത്രയും ഭീമമായ തുക പാഴായിപ്പോകുകയില്ല.

ഇന്ത്യന്‍ എംബസ്സിയിലും പ്രത്യേക സൗകര്യം ഏര്‍പ്പെടു ത്തി പ്രവാസികളുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള പോംവഴി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചുവെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. ഏറ്റവും ചുരുങ്ങിയത് ഈ തുക ശേഖരിച്ചു തെരുവില്‍ കഴിയുന്നവരുടെ ക്ഷേമത്തിനുവേണ്ടിയെങ്കിലും ഉപയോഗപ്പെടുത്താമായിരുന്നുവെന്ന് പ്ര വാസികള്‍ പറയുന്നു. കേന്ദ്രസര്‍ക്കാറിന്റെ കണക്കനുസരിച്ചു വിദേശരാജ്യങ്ങളില്‍ 1.14കോടി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

 

ഇവരുടെ കൈവശമുള്ള തുക നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള സാവകാശം നല്‍കുകയാണെങ്കിലും പണം നഷ്ടപ്പെടുകയില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളിലൊന്നും യാതൊരുവിധ താല്‍പര്യവും കാണിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിനുരൂപ നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്ത സര്‍ക്കാര്‍ നയം തികച്ചും അപലപനീയമാണെന്ന് പ്രവാസികള്‍ അഭിപ്രായപ്പെട്ടു.

 
നോട്ട് ക്ഷാമം അവധിക്കുപോയ പ്രവാസികളെ ഇപ്പോഴും വന്‍പ്രയാസത്തിലാക്കുന്നുണ്ട്. കൃത്യമായി പണം ലഭിക്കാത്തതുമൂലം പല കാര്യങ്ങളും മുടങ്ങിപ്പോകുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെ ബാങ്കുകളില്‍ സര്‍ക്കാര്‍ ശമ്പളം വിതരണം ചെയ്യുന്ന തിരക്കായിരുന്നതിനാല്‍ അവധിക്കുപോയവര്‍ക്ക് പണം ലഭിക്കുന്നതിന് തടസ്സം നേരിട്ടു. ബാങ്കുകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനാണ് പ്രാധാന്യം നല്‍കിയത് എന്നത് പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.