ദുബൈ: ദുബൈ റബാത്ത് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാരും മൂന്ന്് ബ്ംഗ്ലാദേശ് പൗരന്‍മാരും അടക്കം അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവ സ്ഥലത്തെത്തിയ ദുബൈ പോലീസ് പരിക്കേറ്റ നാലു പേരെ അല്‍ റാഷിദ് ആശുപത്രിയില്‍ പവേശിപ്പിച്ചു.

ഇവര്‍ക്ക് നേരിയ, ഇടത്തരം പരിക്കുകളാണുള്ളത്. അല്‍ റബാത്ത് റോഡില്‍ ഗര്‍ഹൂദ് ഭാഗത്തേക്ക് പോകുകയായിരുന്ന ക്ലീനിംഗ് കമ്പനിയുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 19 തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന കമ്പനി ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റാഷിദിയ്യ പോലീസ് സ്‌റ്റേഷന്‍ മേധാവി ബ്രിഗേഡിയര്‍ സഈദ് ബിന്‍ സുലൈമാന്‍ പറഞ്ഞു. അതേസമയം ഡ്രൈവര്‍ക്ക് പരിക്കില്ല.

 
പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞാണ് ദുബൈ പോലീസിന് അപകടത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പട്രോള്‍, രക്ഷാ സംഘങ്ങള്‍ സംഭവ സ്ഥലത്ത് കുതിച്ചെത്തി.
നാലു തൊഴിലാളികള്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ബസ് പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പോലീസ് പുറത്തെടുത്തത്. സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത രക്ഷാ സംഘത്തെ അദ്ദേഹം അഭിന്ദിച്ചു.

ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാതെ പെട്ടെന്ന് വെട്ടിക്കുന്നതാണ് എല്ലാവര്‍ഷവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 19 തൊഴിലാളികളുമായി ജോലിസ്ഥലമായ ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് പോകുകയായിരുന്നു ബസ്. 5.10നാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍.