Culture

രാജസ്ഥാനില്‍ ഗുര്‍ജാര്‍സ് ഉള്‍പ്പെടെ അഞ്ചു സമുദായങ്ങള്‍ക്ക് സംവരണം

By chandrika

December 22, 2017

 

ജയ്പൂര്‍: രാജസ്ഥാനില്‍ ഗുര്‍ജാര്‍സ് ഉള്‍പ്പെടെ അഞ്ചു സമുദായങ്ങള്‍ക്ക് ഒരു ശതമാനം സംവരണം നല്‍കാന്‍ തീരുമാനം. ഗുര്‍ജാര്‍, ബന്‍ജാര, ഗാദിയ-ലോഹാര്‍, രായ്ക, ഗദരിയ എന്നീ സമുദായങ്ങള്‍ക്കാണ് സര്‍ക്കാര്‍ സംവരണം നല്‍കാന്‍ തീരുമാനിച്ചത്. സമൂഹത്തില്‍ ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്ന വിഭാഗങ്ങളായതിനാലാണ് ഇവര്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ചതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി രാജേന്ദ്ര റാത്തോര്‍ പറഞ്ഞു. ഗവര്‍ണറുടെ അനുമതി ലഭിച്ച ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 49 ശതമാനം സംവരണമാണുള്ളത്. പുതിയ സംവരണം നിലവില്‍ വരുന്നതോടുകൂടി രാജസ്ഥാനില്‍ സംവരണം 50 ശതമാനമാകും. 1994ലെ പട്ടികയിലാണ് ഗുര്‍ജാസ് ഉള്‍പ്പെടെയുള്ള അഞ്ച് സമുദായങ്ങളെ പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്തിയത്. തൊഴില്‍, വിദ്യാഭ്യാസം എന്നിവയിലായിരിക്കും ഇവര്‍ക്ക് സംവരണം ലഭിക്കുക. സംവരണം വേണമെന്നാവശ്യപ്പെട്ട് ഗുജ്ജാര്‍ വിഭാഗം നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് തീരുമാനം.