ന്യുഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി.ഗിരിക്ക് പകരം ജയദീപ് ഗുപ്തയായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ വി.ഗിരി എടുത്ത നിലപാട് ഏറെ വിവാദമായിരുന്നു.
ഹാദിയയുടെ വാദമോ എന്‍.ഐ.എയുടെ വാദമോ ആദ്യം കേള്‍ക്കേണ്ടത് എന്ന തര്‍ക്കം നില നിന്നിരുന്ന സമയത്ത് എന്‍.ഐ.എയുടെ വാദം കേള്‍ക്കണമെന്ന നിലപാടായിരുന്നു വി.ഗിരി സ്വീകരിച്ചിരുന്നത്. കേരളത്തിന്റെ നിലപാടു പറയുന്നതിനുപകരം ദേശീയ അന്വേഷണ ഏജന്‍സിയെ പിന്താങ്ങുകയാണ് അഭിഭാഷകന്‍ രണ്ടുതവണ ചെയ്തതെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ് വിവരം. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തു െ്രെകംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള കേസ് ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നു നേരത്തേ, എന്‍ഐഎ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴും കേരളം അനുകൂലിച്ചിരുന്നു. കേരളത്തിന്റെ നിലപാട് എന്‍ഐഎയുടെ അഭിഭാഷകന്‍ എടുത്തുപറയുകയും ചെയ്തു.
അന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ആദ്യം ഹാദിയയോടു സംസാരിക്കണമോ അതോ എന്‍ഐഎയുടെ അന്വേഷണത്തിന്റെ ഫലങ്ങള്‍ പരിശോധിക്കണമോയെന്ന ചോദ്യം ബെഞ്ച് ഉന്നയിച്ചു. എന്‍ഐഎയുടെയും ഹാദിയയുടെ പിതാവിന്റെയും അഭിഭാഷകര്‍ ആദ്യം രേഖകള്‍ പരിശോധിക്കണമെന്നു നിലപാടെടുത്തു. അതിനോടു വി. ഗിരിയും യോജിക്കുകയായിരുന്നു. കോടതിയുടെ ഉദ്യോഗസ്ഥനെന്ന നിലയിലാണ് താന്‍ പറയുന്നതെന്ന മുഖവുരയോടെയാണ് ഗിരി നിലപാടു വ്യക്തമാക്കിയത്. എന്നാല്‍, സംസ്ഥാനം നിയോഗിക്കുമ്പോള്‍ വ്യക്തിപരമായ നിലപാടല്ല സര്‍ക്കാരിന്റെ നിലപാടുതന്നെയാണു പറയേണ്ടതെന്നും രണ്ടു തവണയും അതുണ്ടായില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Be the first to write a comment.