Connect with us

kerala

പിച്ചച്ചട്ടിയിലെ കൈയിട്ടുവാരല്‍

Published

on

സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപറ്റുന്നതായുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ കണ്ടെത്തല്‍ ഉദ്യോഗസ്ഥ വൃന്ദത്തിനാകെ നാണക്കേട് സമ്മാനിച്ചിരിക്കുകയാണ്. കോളജ് പ്രൊഫസര്‍മാരും ഹയര്‍സെക്കണ്ടറി അധ്യാപകരുമുള്‍പ്പെടെയുള്ള സംഘത്തില്‍ ആരോഗ്യ വകുപ്പില്‍ നിന്ന് 373 പേര്‍, പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് 224 പേര്‍, ആരോഗ്യ വിദ്യാഭ്യാസ മേഘലയില്‍ നിന്ന് 124 പേര്‍, ആയുര്‍വേദ വകുപ്പില്‍ നിന്ന് 114 പേര്‍, മൃഗസരംക്ഷണ വകുപ്പില്‍ നിന്ന് 74 പേര്‍, പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 47 പേര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടുകിടക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് ഇത്രയും ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ അവകാശികള്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന് ഉറപ്പു വരുത്താനുള്ള മസ്റ്ററിംഗ് സംവിധാനം വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി നടക്കുന്നുണ്ട്. അവകാശികള്‍ മരണപ്പെട്ടുപോയാല്‍ അവരുടെ ബന്ധുക്കളും മറ്റും അവ കൈപ്പറ്റുന്നില്ല എന്നുറപ്പുവരുത്താനാണ് ഈ സംവിധാനം. അപേക്ഷ സമര്‍പ്പിക്കുക, പരിശോധനക്ക് വിധേയമാക്കപ്പെടുക, അംഗീകാരം നല്‍കുക തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെയാണ് ക്ഷേമ പെന്‍ഷന്റെ അപേക്ഷകള്‍ കടന്നുപോകുന്നത്. ഈ ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് ഒടുവില്‍ വര്‍ഷാവര്‍ഷത്തില്‍ നടക്കുന്ന മസ്റ്ററിംഗിനെയും മറികടന്ന് സര്‍ക്കാര്‍ ജീ വനക്കാരന്‍ ക്ഷേമ പെന്‍ഷന്‍ കൈവശപ്പെടുത്തുന്നുണ്ടങ്കില്‍ അവരുടെ തൊലിക്കട്ടിക്കൊപ്പം വിവിധ തലങ്ങളില്‍ നിന്നുള്ള സഹായങ്ങളും അവര്‍ക്ക് നിര്‍ലോഭം ലഭ്യമായിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഈ കടുംകൈക്ക് മുതിര്‍ന്നവരെ മാത്രമല്ല, അതിനുള്ള സാഹചര്യമൊരുക്കിക്കൊടുത്തവരെയും മാതൃകാപരമായ ശിക്ഷക്ക് വിധേയമാക്കപ്പെടേണ്ടതാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഈ നെറികെട്ട സമീപനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിനും ഒരിക്കലും മാറിനില്‍ക്കാനാവില്ല. ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും അതുവഴി സര്‍ക്കാറിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 9201 ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നതായാണ് ഈ റിപ്പോര്‍ട്ടില്‍ സി.എ.ജി പറഞ്ഞത്. 2017 -18 മുതല്‍ 2019 – 20 വരെ 39.27 കോടി രൂപ അനര്‍ഹപെന്‍ഷന്‍ വിതരണത്തിലൂടെ ഖജനാവിന് നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് അനര്‍ഹ പെന്‍ഷന്‍ നല്‍കുന്നതെന്നതുള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ടായിരുന്നു സര്‍ക്കാറിന്റെ മേശപ്പുറത്തുണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറായില്ല. ക്ഷേമ പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും വ്യാപകമായ പിഴവുകളുണ്ടെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ ഗുണഭോക്താക്കള്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ അനുവദിച്ചതും സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെ പെന്‍ഷന്‍ അനുവദിച്ചതും ഗുണഭോക്തൃസര്‍വേയില്‍ 20 ശതമാനത്തോളം അനര്‍ഹരെ കണ്ടെത്തിയതുമെല്ലാം ഈ നിരുത്തരവാദ സമീപനത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ 1600 രൂപയുടെ ക്ഷേമ പെന്‍ഷനുകളെ മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട്. വസ്തുതകളെല്ലാം മറച്ചുവെച്ച് ക്ഷേമ പെന്‍ഷനുകളുടെ പേരില്‍ പ്രചണ്ഡമായ പ്രചാരണമാണ് ഈ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്നത്. എന്നാല്‍ ഇതേ ക്ഷേമ പെന്‍ഷനുകള്‍ ആറു മാസത്തിലധികം വൈകിപ്പിച്ച് ജനങ്ങളെ കൊടുംപ്രയാസത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. സംസ്ഥാനം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍പോലും മൂന്നുമാസത്തോളം പെന്‍ഷന്‍ കുടിശ്ശികയായിക്കിടക്കുകയായിരുന്നു. ചരിത്രത്തിലിന്നേവരെ ദര്‍ശിക്കാത്തവിധം ക്ഷേമ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങുന്ന കാഴ്ച്ചവരെ പിണറായി സര്‍ക്കാറിന്റെ കാലത്ത് കാണേണ്ടിവന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണമായ സാഹചര്യത്തിന് കാരണമായിപ്പറയാനുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കോടിക്കണക്കിന് രൂപ പെന്‍ഷന്‍ ഇനത്തില്‍ ചോര്‍ന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിനോട് നിസംഗ സമീപനം സ്വീകരിച്ച ഭരണകുടം ഇക്കാര്യത്തില്‍ പുതുതായി എന്തെങ്കിലും നടപടി സ്വീകിരിക്കുമെന്ന് ഒരിക്കലും കരുതാന്‍ സാധിക്കില്ല.

kerala

മകനെ എയര്‍പോട്ടിലാക്കി വരുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് പിതാവിന് ദാരുണാന്ത്യം

അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്.

Published

on

മകനെ എയര്‍പോട്ടിലാക്കി വരുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് പിതാവിന് ദാരുണാന്ത്യം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മാരായമുട്ടം വിളയില്‍ വീട്ടില്‍ സ്റ്റാന്‍ലിനാണ് (65) മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. മകന്‍ സന്തോഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.

അപകടത്തില്‍ ആലീസ്, ജൂബിയ, അലന്‍, അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവസ്ഥാലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

 

Continue Reading

kerala

പൂത്തുറയില്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്

Published

on

ചിറയിന്‍കീഴ്: പൂത്തുറ തീരത്തു നിന്നും മീന്‍പിടിക്കുന്നതിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി. കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്. വല വിരിക്കുന്നതിനിടെയായിരുന്നു അപകടം.

മുതലപ്പൊഴി അഴിമുഖം വഴി മീന്‍പിടിത്തത്തിനായി 32 തൊഴിലാളികളുമായി പോയ വള്ളത്തിലൊരാളാണ് സിജു. ചിറയിന്‍കീഴ് അരയത്തുരുത്തി സ്വദേശി വിബു സെബാസ്റ്റ്യന്റെ ഉടമസ്തയിലുള്ള വള്ളത്തിലാണ് പോയത്. ശനിയാഴ്ച പുലര്‍ച്ചെ 1:30-നാണ് സംഘം കടയിലേക്ക് പോയത്. അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ്ഉം തിരച്ചില്‍ നടത്തിവരുന്നു.

Continue Reading

kerala

മകനെ തിരിച്ചറിയാത്ത തരത്തിലേക്ക് രൂപംമാറ്റി; ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ കുടുംബം

ജയില്‍ അധികൃതര്‍ ബലം പ്രയോഗിച്ചാണ് മകന്റെ മുടി മുറിച്ചുമാറ്റിയതെന്നും ബന്ധുക്കള്‍ പറയുന്നു.

Published

on

മകനെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലേക്ക് മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷഹീന്‍ ഷാ) കുടുംബം. ജയിലിലെ പ്രതികളെ കൊണ്ട് മകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ പ്രതികള്‍ സ്വമേധയാ പിന്മാറിയെന്നും കുടുംബം ആരോപിച്ചു. ജയില്‍ അധികൃതര്‍ ബലം പ്രയോഗിച്ചാണ് മകന്റെ മുടി മുറിച്ചുമാറ്റിയതെന്നും ഒരാള്‍ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേര്‍ ശരീരത്തില്‍ ബലമായും പിടിച്ച് മുടിയും താടിയും മുറിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം തനിക്ക് സിനിമയില്‍ അഭിനയിക്കാനുണ്ടെന്നും കല്യാണം കഴിക്കാനുണ്ടെന്നും അതിനാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന് മണവാളന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും പറയുന്നു. ഷഹീന്‍ ഷായെ ജയിലില്‍ എത്തിച്ച ദിവസം തന്നെ മുടി വെട്ടാന്‍ ആളെ കൊണ്ടുവന്നെങ്കിലും അയാള്‍ സ്വയം പിന്‍വാങ്ങി.

എന്നാല്‍ അടുത്തദിവസം സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം എത്തി മുടിയും താടിയും മുറിച്ചുമാറ്റുകയായിരുന്നു. അതേസമയം ഡ്രിമ്മര്‍ തെറ്റിക്കയറിയതാണ് രൂപം തന്നെ മാറാന്‍ ഇടയാക്കാന്‍ കാരണമെന്ന വിചിത്രവാദമാണ് ജയില്‍ ഉദ്യോഗസ്ഥരുടെതെന്ന് കുടുംബം ആരോപിച്ചു.

ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പൊലീസ് മകനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

 

Continue Reading

Trending