അഹമദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി പട്ടിയദാര്‍ നേതാവ് ഹര്‍ദിക് പട്ടേള്‍ വിഭാഗം.

വരുന്ന മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന, അന്ത്യശാസനമാണ് കോണ്‍ഗ്രസ്സിന് പട്ടിയദാര്‍ അനാമത് ആന്ദോളന്‍ സമിതി നല്‍കിയത്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പില്‍ പാട്ടീദാര്‍ സമുദായത്തിന് 30 സീറ്റുകള്‍ വേണമെന്നാണ് ഹര്‍ദിക് വിഭാഗത്തിന്റെ ആവശ്യം. ശനിയാഴ്ച്ച അര്‍ദ്ധ രാത്രിക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമറിയിക്കണമെന്ന കടുത്ത നിലപാടിലാണിപ്പോള്‍ സമിതിയെടുത്തിരിക്കുന്നത്.

ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കെ, പട്ടേല്‍ സമുദായത്തിന്റെ പുതിയ നിലപാട് കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

സീറ്റുകളുടെ എണ്ണം സംബന്ധിച്ച് നേരത്തെ ഡല്‍ഹിയില്‍ പട്ടേല്‍ സമുദായ നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇരകൂട്ടരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമായ ധാരണയിലെത്താനായില്ലെന്നാണ് വിവരം.

ഗുജറാത്ത് തെരഞ്ഞെടുപ്പ് വിഷയത്തില്‍ നേരത്തെ ഹര്‍ദിക് പട്ടേലുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. പട്ടേല്‍ വിഭാഗവുമായി സഖ്യത്തിലെത്തുന്നതില്‍ വിജയിച്ച കോണ്‍ഗ്രസിന് മുന്നില്‍ ഇനി സീറ്റ് വിഷയത്തില്‍ മാത്രമാണ് ധാരണയിലെത്താനുള്ളത്.