സോനിപ്പത്ത്: തലസ്ഥാന നഗരിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ റോത്തക്കില്‍ പെണ്‍കുട്ടിയെ മൃഗീയമായി പീഢിപ്പിച്ച് കൊലപ്പെടുത്തി. കൂട്ട ബലാല്‍സംഗത്തിന് ശേഷം കല്ല് കൊണ്ട് തലക്കടിച്ച് ക്രൂരമായി കോല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഹരിയാനയിലെ സോനിപ്പത്തിലെ വീട്ടില്‍ നിന്നും ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. സോനിപ്പത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ റോത്തക്ക ജില്ലയിലേക്ക് മാറ്റി. അവിടെ വെച്ച് സംഘം ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും കല്ല് കൊണ്ട് അടിച്ചു ചതക്കുകയുമായിരുന്നെന്ന് പൊലീസ് ഓഫീസര്‍ അജയ് മാലിക്ക് വിശദമാക്കി.

പെണ്‍കുട്ടിയുടെ പരിചയക്കാരനായ സുമിത്തിനെയും വികാസ് എന്ന മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തതായും അജയ് മാലിക്ക് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ചയാണ് റോത്തക്കിലെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തെരുവു നായകള്‍ കടിച്ചു വലിക്കുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇരയെ തിരച്ചറിയാതിരിക്കാനാണ് ഇത്ര ക്രൂരമായി തല തല്ലിച്ചതച്ചെന്ന് അനുമാനിക്കുന്നു.

ഇതിനിടെ വിവാഹാഭ്യാര്‍ഥന നിരസിച്ചതിനാലാണ് കൂട്ട ബലാല്‍സംഗം ചെയ്തതും മൃഗീയമായി കൊലപ്പെടുത്തിയതുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍ഭയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വന്ന് ഏറെ കഴിയാതെയാണ് സമാനമായ രീതിയില്‍ വീണ്ടും കൂട്ട ബലാല്‍സംഗം നടമാടുന്നത്.

മകളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്ന ഇരയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസോ സര്‍ക്കാര്‍ പ്രതിനിധികളോ ആരും തങ്ങളെ സന്ദര്‍ശിക്കുകയോ സംഭവത്തെക്കുറിച്ച അന്വേഷിക്കുകയോ ചെയ്തില്ലെന്നും വീട്ടുകാര്‍ ആരോപിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നേരത്തേ പരാതി നല്‍കിയിരുന്നു.