ചണ്ഡീഗഡ്: കര്‍ഷകരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ആടിയുലഞ്ഞ് ഹരിയാന സര്‍ക്കാര്‍. മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യസര്‍ക്കാരിലെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയാണു വെല്ലുവിളി ഉയര്‍ത്തിയത്. കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ പദവിയില്‍നിന്നു രാജിവയ്ക്കുമെന്നാണു ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവു കൂടിയായ ദുഷ്യന്ത് ചൗട്ടാലയുടെ മുന്നറിയിപ്പ്.

‘കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കണമെന്നു പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖാമൂലമുള്ള നിര്‍ദേശങ്ങളില്‍ താങ്ങുവിലയ്ക്കുള്ള വ്യവസ്ഥയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും. ഈ വാഗ്ദാനം നിറവേറ്റാന്‍ കഴിയാത്ത ദിവസം ഞാന്‍ പദവി രാജിവയ്ക്കുമെന്നും മാധ്യമങ്ങളോടു ചൗട്ടാല പറഞ്ഞു.

വിവാദ നിയമങ്ങളുമായി ബന്ധപ്പെട്ടു കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം എത്രയും പെട്ടെന്ന് അവസാനിക്കുമെന്നാണു പ്രതീക്ഷ. വിഷയത്തില്‍ കേന്ദ്രമന്ത്രിമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. താനും പാര്‍ട്ടിയും കര്‍ഷകരുടെ കാഴ്ചപ്പാടുകള്‍ നിരന്തരം കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.