കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 950 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. ദോഹയിലേക്ക് കടക്കാന്‍ ശ്രമിച്ച കണ്ണൂര്‍ തായത്തെരു സ്വദേശി വലിയബല്ലത്ത് അജാസില്‍ നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹാഷിഷ് പിടികൂടിയത്. ചെരുപ്പിന്റെ അടിയിലും ശരീരത്തില്‍ വിവിധഭാഗങ്ങളിലും ഒളിപ്പിച്ചു വെച്ചാണ് ഇയാള്‍ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി 8.20ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ദോഹയിലേക്ക് പോകുന്നതിനായുള്ള സുരക്ഷാ പരിശോധനയിക്കിടയിലാണ് അജാസ് പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത ഹാഷിഷ് ഓയിലും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയ്ക്ക് കൈമാറി. അജാസിനെ ചോദ്യം ചെയ്തുവരികയാണ്.