ഹാത്രസില്‍ ലൈംഗിക പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു. പ്രതിയുടെയും ഇരയായ പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മകളെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതിയായ ഗൗരവ് ശര്‍മക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഗൗരവ് ശര്‍മ അറസ്റ്റിലായെങ്കിലും ഒരു മാസത്തിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങി. അതിനു ശേഷം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയിലായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഇരു കുടുംബങ്ങളും തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ ഗൗരവ് ബന്ധുക്കളായ ചിലരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.