Health
നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയുന്നുണ്ടോ?;അറിയാം ഈ ലക്ഷണങ്ങളിലൂടെ

മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങള്‍ അവരവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകാന് തുടങ്ങിയിരിക്കുന്നു. അതിനു കാരണം വേറൊന്നല്ല, ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണവൈറസ് തന്നെ. കോവിഡ് 19 മഹാമാരിയുടെ കാലത്ത് പലരും ആരോഗ്യത്തോടെ തുടരാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നു. എന്തെന്നാല്‍ വൈറസ് ആക്രമണ സാധ്യത കൂടുതലുള്ളത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ്. അതിനാല്‍ പലരും ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലീ മാറ്റത്തിലൂടെയുമൊക്കെ തങ്ങളുടെ ആരോഗ്യം കഴിയുന്നത്ര സംരക്ഷിച്ചു നിര്‍ത്തുന്നു.
20 സെക്കന്‍ഡ് കൈ കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും വൈറസ് പടരാതിരിക്കാനുള്ള പ്രധാന ഘടകമാണ്. എന്നിരുന്നാലും, നിങ്ങള്‍ നേരിട്ടേക്കാവുന്ന രോഗാണുക്കളോട് പൊരുതാന്‍ കഴിയുന്ന ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ ശക്തി എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമോ? അതിനായി പരിശോധനകള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന ഒന്നാണ്. നിങ്ങള്‍ക്ക് പലപ്പോഴും അസുഖമോ തളര്‍ച്ച അനുഭവപ്പെടുകയോ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത മറ്റ് ലക്ഷണങ്ങളോ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാണെന്നാണ് ഇതിനര്‍ത്ഥം. ശരീരം ചില അടയാളങ്ങളിലൂടെ ഇത് നിങ്ങളെ മനസിലാക്കിത്തരുന്നു. അത്തരം ചില മുന്നറിയിപ്പ് അടയാളങ്ങളും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളുമറിയാന്‍ വായിക്കൂ.
സമ്മര്‍ദ്ദം വര്‍ധിക്കുന്നു
ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങളുടെ വൈകാരിക നില തെറ്റി സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നത് യാദൃശ്ചികമായാണെന്നു തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നതിനാലും നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാം. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ദീര്‍ഘകാല സമ്മര്‍ദ്ദം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു എന്നാണ്. കാരണം സമ്മര്‍ദ്ദം നിങ്ങളുടെ ശരീരത്തിലെ അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന വെളുത്ത രക്താണുക്കളെ ബാധിക്കുന്നു. ഇതിന്റെ അളവ് കുറയുന്നതോടെ ജലദോഷം പോലുള്ള വൈറസുകളുടെ അപകടസാധ്യത നിങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു.
വിട്ടുമാറാത്ത ജലദോഷം
മുതിര്‍ന്ന ഒരാള്‍ക്ക് ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ജലദോഷം പിടിപെടുന്നത് തികച്ചും സാധാരണമാണ്. മിക്കവര്‍ക്കും ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ഇതു ഭേദവുമാകുന്നു. ആ സമയത്ത്, രോഗപ്രതിരോധ ശേഷി ആന്റിബോഡികള്‍ വികസിപ്പിക്കുന്നതിനും അണുക്കളെ പ്രതിരോധിക്കുന്നതിനും മൂന്ന് നാല് ദിവസമെടുക്കും. എന്നാല്‍ നിങ്ങള്‍ക്ക് നിരന്തരം ജലദോഷം അടിക്കടി പിടിപെടുന്നുവെങ്കില്‍ ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നതിന്റെ വ്യക്തമായ സൂചനയാണ്.
ഉദര രോഗങ്ങള്‍
നിങ്ങള്‍ക്ക് പതിവായി വയറിളക്കം, മലബന്ധം അല്ലെങ്കില്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയി കുറയുന്നതിന്റെ സൂചനയായിരിക്കാം. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ 70 ശതമാനവും നിങ്ങളുടെ ദഹനനാളത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അവിടെയുള്ള നല്ല ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നിങ്ങളുടെ കുടലിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ സഹായകരമായ കുടല് ബാക്ടീരിയകള്‍ കുറയുന്നത് നിങ്ങളില്‍ വൈറസുകള്‍, വിട്ടുമാറാത്ത വീക്കം, രോഗപ്രതിരോധ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.
മുറിവുകള്‍ ഉണങ്ങാന്‍ താമസം
പൊള്ളല്‍, മുറിവ് എന്നിവയ്ക്കു ശേഷം കേടുപാടുകള്‍ തീര്‍ക്കാന്‍ ചര്‍മ്മം പഴയരീതിയിലേക്ക് നീങ്ങുന്നു. പുതിയ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതിന് പോഷക സമ്പുഷ്ടമായ രക്തം അയച്ച് മുറിവ് ഉണക്കാനായി നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കുന്നു. ഈ പ്രക്രിയ ആരോഗ്യകരമായ രോഗപ്രതിരോധ കോശങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി മന്ദഗതിയിലാണെങ്കില്‍, ചര്‍മ്മത്തിന് എളുപ്പത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല. പകരം, നിങ്ങളുടെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുകയും ചര്‍മ്മം പഴയതുപോലെയാവാന്‍ കാലതാമസം വരികയും ചെയ്യുന്നു.
പതിവായി അണുബാധ
അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി ആസ്ത്മ ആന്റ് ഇമ്മ്യൂണോളജി റിപ്പോര്‍ട്ട് പ്രകാരം മുതിര്‍ന്നവരില്‍ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തില്‍ നാലില്‍ കൂടുതല്‍ തവണ ചെവി അണുബാധയുണ്ടാവുക, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ ന്യുമോണിയ വികസിക്കുക, വിട്ടുമാറാത്ത സൈനസൈറ്റിസ്, പ്രതിവര്‍ഷം രണ്ടില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമായി വരിക തുടങ്ങിയവ നിങ്ങളുടെ രോഗപ്രതിരോധ ശേഷി തകരാറിലാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.
എല്ലായ്പ്പോഴും ക്ഷീണം
നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജ നിലയും കുറയുന്നു. അതിന്റെ ഫലത്താല്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടാം. പതിവായ ക്ഷീണവും അലസതയും വീണ്ടും വീണ്ടും നിങ്ങളുടെ പ്രതിരോധശേഷിയെ തളര്‍ത്തുന്നു.
കൈകളില്‍ തണുപ്പ്
നിങ്ങളുടെ രക്തക്കുഴലുകള്‍ വീക്കം സംഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ വിരലുകള്‍, കാല്‍വിരലുകള്‍, ചെവികള്‍, മൂക്ക് എന്നിവയ്ക്ക് ചൂട് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ശൈത്യകാലത്ത് ഈ ഭാഗങ്ങളിലെ ചര്‍മ്മം വെളുത്തതും നീലനിറവുമാകാം. രക്തയോട്ടം തിരിച്ചെത്തിയാല്‍ ചര്‍മ്മം ചുവപ്പായും മാറുന്നു. രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ഡോക്ടര്‍മാര്‍ ഇതിനെ ‘റെയ്നൗഡ്സ് പ്രതിഭാസം’ എന്ന് വിളിക്കുന്നു.
വരണ്ട കണ്ണുകള്‍
രോഗപ്രതിരോധം തകരാറിലായ പലരിലും കണ്ണുകള്‍ വരണ്ടതായി കണ്ടുവരുന്നു. നിങ്ങളുടെ കണ്ണില്‍ എന്തോ തറയ്ക്കുന്നതു പോലെ തോന്നുക അല്ലെങ്കില്‍ വേദന, ചുവപ്പ്, കാഴ്ച മങ്ങല്‍ എന്നിവ നിങ്ങളില്‍ കണ്ടേക്കാം.
ചര്‍മ്മപ്രശ്നങ്ങള്‍
അണുക്കള്‍ക്കെതിരെയുള്ള നിങ്ങളുടെ ശരീരത്തിന്റെ ആദ്യത്തെ പ്രതിരോധ പാളിയാണ് ചര്‍മ്മം. ഇത് എങ്ങനെ കാണപ്പെടുന്നു എന്നതിനനുസരിച്ച് നിങ്ങളുടെ രോഗപ്രതിരോധ ശേഷി അതിന്റെ ജോലി എത്ര നന്നായി ചെയ്യുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. രോഗപ്രതിരോധ ശേഷി തകരാറിലാകുമ്പോള്‍ നിങ്ങളില്‍ ചൊറിച്ചില്‍, ചര്‍മ്മ വരള്‍ച്ച, ചുവന്ന ചര്‍മ്മം എന്നീ ലക്ഷണള്‍ കണ്ടുവരുന്നു.
മുടികൊഴിച്ചില്‍
ചിലപ്പോഴൊക്കെ രോഗപ്രതിരോധ ശേഷി നിങ്ങളുടെ തലമുടിയെയും ആക്രമിക്കുന്നു. നിങ്ങളുടെ തലമുടിയോ മുഖത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോയുള്ള രോമമോ കൊഴിയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അലോപ്പീസിയ അരാറ്റ എന്ന അവസ്ഥ ഉണ്ടാകാം. ഇതും രോഗപ്രതിരോധശേഷി കുറവ് കാരണമായുണ്ടാകുന്നൊരു തകരാറാണ്.
ഭക്ഷണം കഴിക്കുന്നതില്‍ തടസ്സം
നിങ്ങള്‍ക്ക് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, നിങ്ങളുടെ അന്നനാളം വീര്‍ക്കുകയോ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമാവുകയോ ചെയ്യാം. ഭക്ഷണം തൊണ്ടയിലോ നെഞ്ചിലോ കുടുങ്ങിയതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. മറ്റുചിലര്‍ക്ക് ഭക്ഷണം ഇറക്കുമ്പോള്‍ ശ്വാസം മുട്ടുകയോ ചെയ്യുന്നു. സാധ്യമായ കാരണങ്ങളിലൊന്നായ ഇത്തരം അവസ്ഥകളും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രശ്നമാകാം.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വഴികള്‍
മുകളില്‍ സൂചിപ്പിച്ചതു പോലുള്ള മുന്നറിയിപ്പ് അടയാളങ്ങള്‍ നിങ്ങളില്‍ കണ്ടുവരുന്നുവെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് കുറച്ച് അധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കുറച്ച് ജീവിതശൈലി മാറ്റങ്ങളും പുതിയ ശീലങ്ങളും പാലിക്കുന്നതിലൂടെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ കഴിയുന്നതാണ്.
1.സമീകൃതാഹാരം കഴിക്കുക
2.മതിയായ ഉറക്കം നേടുക
3.പതിവായി വ്യായാമം ചെയ്യുക
4.വ്യക്തിശുചിത്വം പാലിക്കുക
5.ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
6.പുകവലി, മദ്യപാനം ഒഴിവാക്കുക
7.സമ്മര്‍ദ്ദം അകറ്റുക
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
Health
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള് പലപ്പോഴും ഉണ്ടാകുന്നത്.
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്കി.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala17 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
‘പൊലീസുകാര്‍ പിന്നെ സുജിത്തിന് ബിരിയാണി വാങ്ങി കൊടുക്കുമോ’; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി