ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ് ആശുപത്രി വിട്ടു. ആന്‍ജിയോപ്ലാസ്റ്റി വിജയകരമായതിനെ തുടര്‍ന്നാണ് താരം ആശുപത്രി വിട്ടത്. നിലവില്‍ താരം അപകടാവസ്ഥയിലല്ലെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പിസിബിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇന്‍സമാമിന് നെഞ്ചുവേദന ഉണ്ടായിരുന്നു. ആദ്യം നടത്തിയ പരിശോധനകളില്‍ പ്രശ്‌നങ്ങള്‍ കണ്ടില്ലെങ്കിലും തിങ്കളാഴ്ചയോടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് താരത്തെ ആന്‍ജിയോപ്ലാസിക്ക് വിധേയനാക്കി.

ഏകദിനത്തില്‍ പാകിസ്താന്റെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് ഇന്‍സമാം. 375 മത്സരങ്ങളില്‍ നിന്ന് 11701 റണ്‍സ് നേടിയിട്ടുള്ള താരം 2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.