Connect with us

kerala

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അടുത്ത മണിക്കൂറുകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അടുത്ത മണിക്കൂറുകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം.

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചാല്‍ അതിശക്തമായ മഴയായി കണക്കാക്കും. ഇടിമിന്നലോടുകൂടിയ മഴയും കാറ്റ് വീശലും ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളായി വ്യാപകമായ മഴയാണ് അനുഭവപ്പെട്ടത്. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴ ലഭിച്ചു. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. ഷൊര്‍ണൂരില്‍ ശക്തമായ മഴയില്‍ തെങ്ങ് കടപുഴകി വീണ് വീടിന് മുകളില്‍ പതിച്ചു.
മുണ്ടായ എല്‍.പി സ്‌കൂളിന് സമീപമുള്ള പള്ളത്ത് വീട്ടില്‍ ബാലസുബ്രഹ്‌മണ്യന്റെ വീടാണ് തകര്‍ന്നത്. ഭാഗ്യവശാല്‍ ആര്‍ക്കും പരുക്കേറ്റില്ല.

അടുത്ത ദിവസങ്ങളിലും മഴയുടെ തീവ്രത തുടരുമെന്നതിനാല്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്നതിനും മലയോരപ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മത്സ്യത്തൊഴിലാളികള്‍ക്കും സമുദ്രത്തീര പ്രദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം തുടരുന്നു.

 

Trending