തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റും മഴയും തുടരുന്നു. വായു ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലമുണ്ടായ കാറ്റിലും നിരവധി നഷ്ടങ്ങളുണ്ടായി. മരം വീണ് രണ്ടു പേര്‍ ഇന്ന് മരിച്ചു. കൊല്ലം തങ്കശ്ശേരിയില്‍ കാണാതായ യുവാവിന്റെ മൃതദേഹവും ഇന്നു കണ്ടെത്തി. നൂറുകണക്കിനു വീടുകളിലാണ് വെള്ളം കയറിയത്.

തൃശൂര്‍ പട്ടിക്കാട് സ്വദേശി സിബി കല്ലിങ്കലും ഇടുക്കി ശാസ്താംനട സ്വദേശിനി സരസ്വതിയുമാണ് മരം വീണു മരിച്ചത്. സിബി ഇടുക്കിയിലെ തോട്ടത്തില്‍ എലത്തൈകള്‍ വാങ്ങാനെത്തിയപ്പോഴാണ് മരം ദേഹത്തു വീണു മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് സരസ്വതിക്ക് അപകടമുണ്ടായത്.

കൊല്ലം തങ്കശ്ശേരിയില്‍ ഇന്നലെ കടപ്പുറത്ത് നടക്കുന്നതിനിടെ തിരയില്‍ പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. തങ്കശ്ശേരി സ്വദേശി ആഷിഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അതേസമയം കടുത്ത വേനല്‍ മൂലം വരണ്ടുണങ്ങിയ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞത് ആശ്വാസമായിരിക്കുകയാണ്.