കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അന്തമായി നീളുകയാണെന്ന് കോടതി പറഞ്ഞു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സിനിമാക്കഥപോലെ അന്വേഷണം നീളുകയാണല്ലോ. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ അന്വേഷണം പരിധിവിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി പറഞ്ഞു. അതേസമയം, കേസില്‍ ചോദ്യം ചെയ്യലിന് നാദിര്‍ഷായോട് വെള്ളിയാഴ്ച്ച ഹാജരാകണമെന്നും കോടതി അറിയിച്ചു.