കൊച്ചി: ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി. സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടത്തുന്നു എന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സംഘടിത വോട്ടുബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശമ്പളപരിഷ്‌കരണ നീക്കത്തില്‍ ഇടപെടുമെന്നും കോടതി സര്‍ക്കാരിന് മു്ന്നറിയിപ്പ് നല്‍കി.

നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. നേരത്തെയുളള നിയമം അനുസരിച്ച് നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതിന് ഭൂമിയുടെ ന്യായവിലയുടെ 20 ശതമാനം നല്‍കിയാല്‍ മതിയായിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച് നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതിന് സമീപപ്രദേശങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഭൂമി വിലയുടെ 20 ശതമാനം നല്‍കണം. മുന്‍കാല പ്രാബല്യത്തോടെയുളളതാണ് ഈ ഉത്തരവ്. ഇത്തരം ഉത്തരവുകള്‍ സാധാരണക്കാരെ പിഴിയുന്നതിനാണ്. സാധാരണക്കാരെ പിഴിഞ്ഞ്് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം സര്‍ക്കാര്‍ നടത്തുകയാണെന്നാണ് കോടതിയുടെ വിമര്‍ശനം.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുന്നതിന് വേണ്ടിയാണ് ജനങ്ങളെ പിഴിയുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മോട്ടോര്‍ വാഹന പിഴ വര്‍ധിപ്പിക്കുന്നത് അടക്കം പല നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തിയാണ് ജനങ്ങളെ പിഴിയുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.