കോഴിക്കോട്: സ്ഥിര നിയമനവും ശമ്പളവുമില്ലാതെ മൂന്നൂറിലേറെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍ തീരാ ദുരിതത്തില്‍. 2014-16 അധ്യയന വര്‍ഷങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച ഗവണ്‍മെന്റ് എയ്ഡഡ് മേഖലയിലെ 54 ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഇനിയും സ്ഥിര അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മാസ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 324 അധ്യാപകരും, ലാബോറട്ടറി ജീവനക്കാരും സ്ഥിര നിയമനവും, മാസ ശമ്പളവുമില്ലാതെ വലയുന്നു.

ഹയര്‍ സെക്കണ്ടറി സ്‌പെഷ്യല്‍ റൂളനുസരിച്ച് അധ്യാപകരുടെ സ്ഥിര നിയമനത്തിന് ഒരു ബാച്ചില്‍ 25 കുട്ടികള്‍ മതിയെന്നിരിക്കെയാണ് ഈ വിവേചനം. പുതിയ സര്‍ക്കുലര്‍ പ്രകാരം,ഒരു ബാച്ചില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം 50 കുട്ടികള്‍ വേണമെന്ന സര്‍ക്കാരിന്റെ നിബന്ധനയാണ് ഇവരുടെ തസ്തിക രൂപീകരണത്തിന് തടസ്സമാകുന്നത്. എന്നാല്‍ 2014 മുതല്‍ 2021 വരെയുള്ള മിക്കവര്‍ഷങ്ങളിലും 50 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പല തവണ ഓരോ ബാച്ചിലും പഠിച്ചിറങ്ങി പോയിട്ടുണ്ട്.

സ്‌കൂള്‍ അഡ്മിഷന്‍ സമയത്ത് 50 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നിട്ടുപോലും കാലവര്‍ഷക്കെടുതി, ജലപ്രളയം,സ്ഥിര അദ്ധ്യാപകരില്ലാത്തത് തുടങ്ങീ വിവിധ കാരണങ്ങളാല്‍ ചില കുട്ടികള്‍ പിന്നീട് വരാതാവുമ്പോള്‍ ബാച്ചിലെ കുട്ടികളുടെ എണ്ണത്തില്‍ നിന്നും കുറവു സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഈ അദ്ധ്യാപകര്‍ പഠിപ്പിച്ചു വിട്ട ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ജോലി നേടി അവരുടെ ഭാവി കെട്ടിപ്പടുക്കുമ്പൊഴും, പഠിപ്പിക്കുന്ന വിഷയത്തില്‍ പി.ജി, ബി.എഡ്, എം.എഡ്, സെറ്റ് യോഗ്യതയുള്ള അധ്യാപകരില്‍ പലരും നിത്യ ചെലവിനായി മറ്റു ജോലികള്‍ തേടി അലയുന്ന വല്ലാത്തൊരു അവസ്ഥയിലാണ്.

അധ്യാപകര്‍, തങ്ങളുടെ വിഷയാടിസ്ഥാനത്തില്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനോടൊപ്പം സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, എന്‍.എസ്.എസ്, കരിയര്‍ ഗൈഡന്‍സ്, കലാകായിക മേളകള്‍ തുടങ്ങീ സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനമേഖലകളിലും സജീവമായിടപെടുന്നു. എന്നിട്ടുപോലും മുമ്പെ സൂചിപ്പിച്ച കാരണങ്ങളാല്‍ ഈ അദ്ധ്യാപകര്‍ക്ക് മാസശമ്പളവും സര്‍വ്വീസും മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല.ഇക്കാലമത്രയും ഈ അദ്ധ്യാപകര്‍ ദിവസ വേതനക്കാരായിരുന്നു.

ലബോറട്ടറി ജീവനക്കാര്‍ക്ക് ഒരു രൂപ വേതനം പോലും കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ലഭിച്ചിട്ടില്ല . തുല്യ ജോലിക്ക് തുല്യവേതനം നല്‍കണമെന്ന നയം ഇവിടെ അപ്രസക്തമാവുന്നു. കോവിഡ് പ്രതിസന്ധികാലത്ത്, കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സര്‍ക്കാരിന്റെ യാതൊരു വേതനവവും ലഭിക്കാതെയാണ് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെടുത്ത് അദ്ധ്യാപകര്‍ സേവനം ചെയ്തത്. 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ നിബന്ധനകളൊക്കെ പാലിച്ച് സ്‌കൂളുകളില്‍, ഗവണ്‍മെന്റ് ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ട് ജോലിയില്‍ പ്രവേശിച്ച ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥിര നിയമനവും ശമ്പള വിതരണവും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടന്നിട്ടില്ല.