കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണംകുറച്ചത് യാത്രാദുരിതം അതിരൂക്ഷമാക്കി. ദ്വീപിലേക്ക് ഏഴ് കപ്പല്‍ ഉണ്ടായിരുന്നിടത്ത് രണ്ട് കപ്പലുകള്‍ മാത്രമാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. അടിയന്തര ചികിത്സ വേണ്ട രോഗികളും വൃദ്ധരും ഭിന്നശേഷിക്കാരും കുട്ടികളും സ്ത്രീകളുമുള്‍പ്പടെയുള്ള വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതമാണ് ഇതു മൂലം ദുരിതത്തിലായത്.

ദ്വീപിലേക്കും തിരിച്ചുമായി സര്‍വീസ് നടത്തിയിരരുന്ന ഏഴ് കപ്പലുകളില്‍ അഞ്ച് കപ്പലുകളാണ് അറ്റകുറ്റപണിക്കായി കരക്കടുപ്പിച്ചിട്ടുള്ളത്. എല്ലാ കപ്പലുകളും സര്‍വീസ് നടത്തിയപ്പോള്‍ 2300 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാല്‍ 650 പേര്‍ക്ക് മാത്രമാണ് നിലവില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നത്. ഇത് ലക്ഷദ്വീപില്‍ നിന്ന് യാത്ര ചെയ്യേണ്ടവരെ വലിയ തോതിലാണ് ദുരിതത്തിലാക്കിയതെന്ന് ലക്ഷദ്വീപ് എം. പി പി പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയതോടെയാണ് സര്‍വീസ് നടത്തുന്ന കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചത്. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി കൊണ്ടിരുന്ന കൊച്ചിന്‍ ഷിപ്പിയാര്‍ഡിന് അഡ്മിനിസ്‌ട്രേഷന്‍ പണം അനുവദിക്കാത്തതും പ്രശ്‌നമായി. ലക്ഷദ്വീപ് നിവാസികളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു പോരുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ , കപ്പല്‍ വിഷയത്തിലും ഇതേ സമീപനമാണ് കൈക്കൊള്ളുന്നതെന്നും മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. ദ്വീപ് നിവാസികള്‍ക്ക് യാത്ര ദുരിതം അടിച്ചേല്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാനാണ് എന്‍.സി.പിയുടെ തീരുമാനം.

യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എന്‍സിപിയുടേയും വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ 24ന് കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് മുമ്പല്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് പാര്‍ട്ടിയുടെ ലക്ഷദ്വീപിന്റെ ചുമതല കൂടി വഹിക്കുന്ന പി. സി ചാക്കോ അറിയിച്ചു.