ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നവംബര്‍ എട്ടിനാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ ജയമാഘോഷിക്കുകയാണ് ഹിന്ദുസേന. വെള്ളിയാഴ്ച ജന്ദര്‍മന്ദിറില്‍ തീവ്രവലതു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ട്രംപിന്റെ ‘ജയമാഘോഷിച്ചു’.

മുസ്ലിം വിരുദ്ധ പ്രസ്താവനകളിലൂടെ വിവാദനായകനായ ട്രംപിനെ ഹിന്ദു സേന അഭിനന്ദിച്ചു. മുസ്ലിം കുടിയേറ്റക്കാരെ രാജ്യത്തേക്ക് കടത്തരുതെന്ന ട്രംപിന്റെ പ്രസ്താവന പ്രശംസനീയമാണെന്നും അദ്ദേഹത്തിന് ഇന്ത്യയോട് വളരെയധികം സ്‌നേഹമാണെന്നും സേനാ നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു. ശിങ്കാരിമേളവുമായി സംഘം ട്രംപിന്റെ ‘ജയമാഘോഷിച്ചു’.

ഇന്ത്യ ട്രംപിനെ സ്‌നേഹിക്കുന്നു, ട്രംപാണ് ഒരേയൊരു പ്രതീക്ഷ തുടങ്ങിയ പോസ്റ്ററുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു. നേരത്തെ ജൂണ്‍ 14ന് ഇവര്‍ ട്രംപിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു.