ജിദ്ദ : ഉത്തരകേരളത്തിലെയും കര്‍ണാടകയിലെയും പഴയ തുളുനാടന്‍ പ്രദേശങ്ങളിലൂടെ കെ എം ഇര്‍ഷാദ് നടത്തിയ യാത്രകളുടെ സമാഹാരമായ ‘ഗഡ്ബഡ് നഗരം ഒരു തുളുനാടന്‍ അപാരത’ എന്ന പുസ്തകം ജിദ്ദയിലെ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സൗദി പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഖാലിദ് അല്‍ മഈന പ്രകാശനം ചെയ്തു.

ഓരോ നാടിന്റെയും ചരിത്രത്തെയും സംസ്‌കാരത്തെയും രേഖപ്പെടുത്തി വെക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഇത്തരം കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ.ജംഷിത് അഹമ്മദ് ഡോ.അഹമ്മദ് ആലുങ്ങല്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.

ചരിത്രവും, ഐതീഹ്യങ്ങളും, നാട്ടറിവുകളും, കേട്ടറിവുകളും ഉള്‍പ്പെടെ , കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴ മുതല്‍ ഉഡുപ്പിയിലെ കല്യാണപുര നദി വരെ നീണ്ടു കിടക്കുന്ന ഒരു ദേശത്തിന്റെ സമഗ്രമായ സഞ്ചാരക്കാഴ്ചകളാണ് ഈ പുസ്തകത്തില്‍ ഉള്ളതെന്നും, മലയാളത്തില്‍ അധികം എഴുതപ്പെടാത്ത പോയ ഒരു ദേശത്തേക്കും, സംസ്‌കാരത്തിലേക്കും കൂടിയാണ് കെ എം ഇര്‍ഷാദ് ഈ കൃതിയിലൂടെ അനുവാചകരെ കൊണ്ട് പോകുന്നതെന്ന് പുസ്തക പരിചയം നടത്തിയ കബീര്‍ മുഹ്‌സിന്‍ അഭിപ്രായപ്പെട്ടു.

ഗോപി നെടുങ്ങാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസാഫിര്‍ എളംകുളത്ത്,അബു ഇരിങ്ങാട്ടേരി, ബഷീര്‍ വള്ളിക്കുന്ന് ,അബുബക്കര്‍ അരിമ്പ്ര, അബ്ദുല്‍ സമദ്, ഉസ്മാന്‍ ഇരിങ്ങാട്ടേരി, കെ ടി എ മുനീര്‍, സികെ ഷാക്കിര്‍, അന്‍വര്‍ ചേരങ്കൈ, അഡ്വ. അഷറഫ്, ഹസന്‍ ബത്തേരി, അബ്ദുല്‍ ഹഖ് തിരുരങ്ങാടി, ബിന്നിമോള്‍ കെ.പി, മാനു പട്ടിക്കാട്, നൂറുദ്ദീന്‍ കിളിക്കോട്ടില്‍ പ്രസംഗിച്ചു. അസീം സേട്ട് സ്വാഗതവും, ഹൈദര്‍ ഇ കെ നന്ദിയും പറഞ്ഞു