ഉള്ളിയേരി: കന്നൂരില്‍ തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മമാരടക്കം നാലുപേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ എടോടിമീത്തല്‍ ബാലകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കൂറ്റന്‍ തേനീച്ച കൂട് കണ്ടെത്തിയ സാഹചര്യത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ്. കന്നൂരില്‍ പുതിയേടത്ത് രാമകൃഷ്ണന്റെ വീട്ടുപറമ്പിലെ മാവിന്‍മുകളിലാണ് ഏതാണ്ടുമൂന്നുമീറ്ററോളം നീളത്തിലും രണ്ടുമീറ്ററോളം വീതിയിലും തേനീച്ച കൂട് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൂട് കണ്ടെത്തിയത്.
പുതിയേടത്ത് രേഖയാണ് തേനീച്ചയുടെ ആക്രമണത്തിന് ആദ്യം ഇരയായത്. രേഖ കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍ ചികില്‍സ തേടി. തേനീച്ചയുടെ കുത്തേറ്റ വീട്ടമ്മമാരായ സീനത്ത്, വാസന്തി എന്നിവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. കൂറ്റന്‍ തേനീച്ചകള്‍ ഇനിയും ആക്രമിക്കുമെന്ന് ഭീതിയിലാണ് നാട്ടുകാര്‍. കൂട് നീക്കം ചെയ്യാന്‍ വനപാലകരുടെ സഹായം തേടിയിരിക്കുകയാണ്.