മേപ്പാടി: ഭൂമിക്കടിയില്‍ നിന്നും സോപ്പ് പത പോലെ നുരഞ്ഞു പൊങ്ങുന്ന അല്‍ഭുത പ്രതിഭാസം നാട്ടുകാരില്‍ ആശങ്കയും, കൗതുകവുമാവുന്നു. മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയില എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിന്ന് സമീപം ഇന്നലെ രാത്രിയില്‍ പതഞ്ഞു പൊങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

പിന്നീട് പതഞ്ഞു പൊങ്ങുന്നത് ശക്തി കൂടി വരികയും പതയുടെ അളവില്‍ ഗണ്യമായ വ്യത്യാസം അനുഭവപ്പെടുകയും ചെയ്തു. ഇത് കാണാന്‍ നിരവധിയാളുകള്‍ പ്രദേശത്തേക്ക് എത്തുന്നുണ്ട്. ഈ അല്‍ഭുത പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ഭൂമിക്കടിയിലുണ്ടാകുന്ന ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ചുരുളഴിയിയുന്നതിന് ഭൗമശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങള്‍ അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.