കേസ് വാദിക്കാന്‍ കയ്യില്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ജയിലില്‍ നിന്നും ഹണിപ്രീതിന്റെ കത്ത്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുമകളാണ് ഹണിപ്രീത്. ഗുര്‍മീത് ജയിലിലായതിനെ തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന്റെ പേരിലാണ് ഹണിപ്രീത് ശിക്ഷിക്കപ്പെടുന്നത്.

ഹരിയാനയിലെ അംബാല ജയിലിലാണ് ഹണിപ്രീത് ശിക്ഷയനുഭവിക്കുന്നത്. തനിക്കുനേരെയുള്ള കുറ്റപത്രം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ഹണിപ്രീത് പറയുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിക്കപ്പെട്ടിരിക്കുകയാണ്. കേസ് വാദിക്കാന്‍ കയ്യില്‍ പണമില്ലെന്നും സഹായിക്കണമെന്നും ജയില്‍ അധികൃതര്‍ക്കെഴുതിയ കത്തില്‍ ഹണിപ്രീത് പറഞ്ഞു. ഡിസംബര്‍ ഏഴിനാണ് കേസ് കോടതിയില്‍ വിചാരണക്കെത്തുന്നത്.

അന്വേഷണസംഘം ഹണിപ്രീതിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. അതുകൊണ്ട് പണം പിന്‍വലിക്കാന്‍ സാധ്യമല്ല. അക്കൗണ്ട് മരവിപ്പിച്ചത് പിന്‍വലിക്കണമെന്നും കേസ് വാദിക്കാന്‍ അഭിഭാഷകനെ നിയമിക്കാന്‍ സഹായിക്കണമെന്നുമാണ് കത്തിലെ ആവശ്യം. കലാപത്തിന് ആഹ്വാനം ചെയ്തതിനുശേഷം നേപ്പാളുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹണിപ്രീത് ഒളിവില്‍ കഴിയുകയായിരുന്നു. കോടതിയുടെ പരിസരത്തുനിന്നും ഗുര്‍മീതിനെ രക്ഷിച്ചെടുക്കാന്‍ ഒന്നരക്കോടി രൂപ ചിലവാക്കി ഹണിപ്രീത് കലാപത്തിന് ശ്രമിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.