ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയ പ്രതീക്ഷയില്‍. രണ്ടാം ഇന്നിങ്‌സില്‍ 410 എന്ന വിജയലക്ഷ്യം ശ്രീലങ്കക്കു മുന്നില്‍ വെച്ച ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 31 റണ്‍സിനിടെ ലങ്കയുടെ മൂന്ന് ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയിട്ടുണ്ട്.
ദിമുത് കരുണരത്‌നെ (13), സദീര സമരവിക്രമ (5), സുരങ്ക ലക്മല്‍ (0) എന്നിവരാണ് പുറത്തായത്. ധനഞ്ജയ ഡിസില്‍വയും (13) എയ്ഞ്ചലോ മാത്യൂസും (0) ആണ് ക്രീസില്‍. അവസാന ദിനമായ നാളെ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ ലങ്കക്ക് 379 റണ്‍സ് കൂടി വേണം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയാക്കാന്‍ ശ്രീലങ്കക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. സമനിലയില്‍ അവസാനിച്ച കൊല്‍ക്കത്ത ടെസ്റ്റിനു ശേഷം നാഗ്പൂരില്‍ ഇന്നിങ്‌സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0 മുന്നിലാണ്.
നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 373-ല്‍ അവസാനിപ്പിച്ച ഇന്ത്യ അഞ്ച് വിക്കറ്റിന് 246 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 163 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സ് കൂടി ചേര്‍ത്താണ് സന്ദര്‍ശകരെ രണ്ടാം ഇന്നിങ്‌സിനയച്ചത്. ശിഖര്‍ ധവാന്‍ (67), വിരാത് കോലി (50), രോഹിത് ശര്‍മ (50 നോട്ടൗട്ട്), ചേതേശ്വര്‍ പുജാര (49) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 52.2 ഓവറില്‍ 4.70 ശരാശരിയിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് സ്‌കോര്‍.
നേരത്തെ, ഒമ്പത് വിക്കറ്റിന് 356 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്ക 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് ഓള്‍ഔട്ടായത്. രക്ഷാ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കു വഹിച്ച ക്യാപ്ടന്‍ ദിനേഷ് ചണ്ഡിമല്‍ (164) ആണ് പത്താം വിക്കറ്റായി മടങ്ങിയത്. ഇശാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ മൂന്നു വീതവും മുഹമ്മദ് ഷമി, ജഡേജ എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.
Be the first to write a comment.