കൊച്ചി: നാളെ മുതല്‍ പഴയ 500, 1000 നോട്ടുകള്‍ മാറാന്‍ സൗകര്യമുണ്ടെന്നിരിക്കെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍ എന്നിവ വഴിയാണ് പഴയ നോട്ടുകള്‍ മാറ്റാനാവുക. ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കുമെന്ന് വിവിധ ബാങ്കുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. രാവിലെ മുതല്‍ ക്യൂ നീളുമെന്നുറപ്പ്.

നോട്ടുകള്‍ മാറുന്നതിനായി പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടേര്‍സ് ഐ.ഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, തൊഴിലുറപ്പ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നു ഹാജരാക്കണം. ഇത്തരത്തില്‍ ഒരു ദിവസം ഒരാള്‍ക്ക് നാലായിരം രൂപ വരെയാണ് മാറ്റിവാങ്ങാനാവുക. വരും ദിവസങ്ങളില്‍ ഇതിന്റെ പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തുക എത്ര വേണമെങ്കില്‍ എക്കൗണ്ടില്‍ നിക്ഷേപിക്കാം. അതേസമയം ബാങ്കില്‍ എക്കൗണ്ട് ഇല്ലാത്തവര്‍ക്ക് താല്‍ക്കാലിക എക്കൗണ്ട് അനുവദിക്കുമെന്ന് ചില ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടി വരും.

ഈ മാസം 24 വരെ എക്കൗണ്ടില്‍ നിന്ന് ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപയാണ്. ആഴ്ചയില്‍ 20,000 രൂപ വരെയും പിന്‍വലിക്കാം. അതേസയമം എടിഎമ്മുകള്‍ പൂര്‍ണമായും വെള്ളിയാഴ്ച മുതലെ പ്രവര്‍ത്തനമാകുകയുള്ളൂ. അടുത്ത ശനിയും ഞായറും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

അപേക്ഷാ ഫോം ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം