ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിന് 4-1ന്റെ തകര്‍പ്പന്‍ ജയം. ഡല്‍ഹിക്കു വേണ്ടി ഗാഡ്‌സെ (15-ാം മിനിറ്റ്), ഫ്‌ളോറന്‍സ് മലൂദ (25, 85), ലെവിസ് (54)എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മെന്‍ഡിയുടെ വകയായിരുന്നു ചെന്നൈയിന്‍ എഫ്.സിയുടെ ആശ്വാസ ഗോള്‍. ചെന്നൈ മറീന അറീനയില്‍ നടന്ന ആദ്യ പാദത്തില്‍ ഡല്‍ഹിയോട് 3-1ന് തോറ്റതിന് പകരം വീട്ടാനിറങ്ങിയ ചെന്നൈയ്ക്ക് തൊട്ടതെല്ലാം പിഴക്കുന്നതായിരുന്നു മത്സരം.

വിജയത്തോടെ ഡല്‍ഹി ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് ജയവും നാല് സമനിലയും ഒരു തോല്‍വിയുമടക്കം 16 പോയിന്റായുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച ഡല്‍ഹി 15-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഡല്‍ഹി ഡൈനാമോസിന്റെ നാലു ഗോളുകള്‍ക്കു പിന്നിലും നായകന്‍ ഫ്‌ളോറന്‍സ് മലൂദയുടെ പിന്തുണയായിരുന്നു. മാര്‍ക്വി താരത്തിനൊത്ത പ്രകടനമായിരുന്നു മലൂദ പുറത്തെടുത്തത്. ഡല്‍ഹിയുടെ നിരന്തരമായ ആക്രമണങ്ങള്‍ തടുക്കുന്നതില്‍ ചെന്നൈ ടീം സമ്പൂര്‍ണമായി പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ 2-1ന് മുന്നില്‍ നിന്ന ഡല്‍ഹി രണ്ടാം പകുതിയില്‍ പൂര്‍ണമായും അരങ്ങുവാണു.