തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും നടപടിയെടുത്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇരു കമ്മീഷനുകളും വിഷയത്തില്‍ സി.ബി.എസ്.ഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സി.ബി.എസ്.ഇയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തെ കുറിച്ച് ഉന്നതതല അനേ്വഷണം ആവശ്യമാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് മനുഷ്യാവകാശ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ദേശീയ കമ്മീഷന്‍ അധ്യക്ഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സംസ്ഥാന കമ്മീഷന്‍ കേസ് റജിസ്റ്റര്‍ ചെയ്ത് സി.ബി.എസ്.ഇ റീജിയണല്‍ ഡയരക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.പ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ല പൊലീസ് മേധാവി അനേ്വഷണ റിപ്പോര്‍ട്ട് പ്രതേ്യകം സമര്‍പ്പിക്കണം. കേരള വാഴ്‌സിറ്റി റജിസ്ട്രാറും വിശദീകരണം നല്‍കണം. മൂന്നാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത്.
മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷക്കിടയില്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി കമ്മീഷന്‍ നടപടിക്രമത്തില്‍ നിരീക്ഷിച്ചു. പെണ്‍മക്കളെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുന്നതിന് അനുയോജ്യമായ വസ്ത്രം കണ്ടെത്താന്‍ രക്ഷകര്‍ത്താക്കള്‍ പരിഭ്രാന്തരായി ഓടുന്ന കാഴ്ച പരീക്ഷാ ഹാളിനു പുറത്ത് സാധാരണമായിരുന്നെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ നിരീക്ഷിച്ചു.
ചിലരുടെ സല്‍വാര്‍ കമ്മീസിന്റെ കൈ മുറിച്ചു മാറ്റി. ചിലര്‍ക്ക് ഷൂസ് അഴിക്കേണ്ടി വന്നു. ചിലര്‍ അവസരം മുതലാക്കി പരീക്ഷാ ഹാളിന് പുറത്ത് ടീഷര്‍ട്ട് വില്‍പന നടത്തി. മെറ്റല്‍ ഡിറ്റക്റ്റര്‍ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കണ്ണൂരില്‍ ഒരു പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു. കറുത്ത പാന്റ്‌സ് ധരിച്ച പെണ്‍കുട്ടിയെ പരീക്ഷ ഹാളില്‍ കയറ്റിയില്ല. പതിനൊന്നാം മണിക്കൂറിലാണ് സി.ബി.എസ്.ഇ പരീക്ഷാ ഹാളില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ പരീക്ഷാര്‍ത്ഥികളെ അറിയിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി.
സി.ബി.എസ്.ഇയുടെ ഡല്‍ഹിയിലെ ആസ്ഥാനവും തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.