മാസ്‌ക് ധരിക്കുന്നവര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അതിനുള്ളിലെ ഈര്‍പ്പവും വിയര്‍പ്പും. കുറേനേരം മാസ്‌ക് അണിഞ്ഞ് ശ്വാസം പുറന്തള്ളുമ്പോഴേക്കും മാസ്‌ക്കും മുഖവും എല്ലാം നനഞ്ഞതു പോലെയാകും. എന്നാല്‍ മാസ്‌കിനുള്ളിലെ ഈ ഈര്‍പ്പം ശ്വാസകോശ നാളിക്ക് നനവു നല്‍കി പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തി. മാസ്‌കിനുള്ളിലെ ഈര്‍പ്പം വര്‍ധിക്കുന്നതനുസരിച്ച് കോവിഡ് രോഗബാധയുടെ തീവ്രത കുറയുമെന്ന് ബയോ ഫിസിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

ശ്വസിക്കുന്ന വായുവിലെ ഈര്‍പ്പം മാസ്‌ക് ധരിക്കുന്നത് മൂലം വര്‍ധിക്കുമെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്‌നി ഡിസീസസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ശ്വാസകോശ നാളിയിലെ ഉയര്‍ന്ന ഈര്‍പ്പം വൈറസ് ശ്വാസകോശത്തിലേക്ക് പടരുന്നത് നിയന്ത്രിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അഡ്രിയാന്‍ ബാക്‌സ് പറയുന്നു.

എന്‍ 95, മൂന്ന് പാളി മാസ്‌ക്, രണ്ടു പാളി മാസ്‌ക്, കട്ടിയുള്ള കോട്ടണ്‍ മാസ്‌ക് എന്നിവയാണ് പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചത്. നാലു മാസ്‌കുകളും ശ്വസിക്കുന്ന വായുവില്‍ ഈര്‍പ്പത്തിന്റെ തോത് ഉയര്‍ത്തും എന്ന് ഇവര്‍ പഠനത്തില്‍ നിരീക്ഷിച്ചു.