മലപ്പുറം: കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖുമായി മുസ്‌ലിംലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിഎ മജീദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖുമായി മുസ്‌ലിംലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചര്‍ച്ചയും കുഞ്ഞാലിക്കുട്ടി സാഹിബോ ഞാനോ എവിടെ വെച്ചും നടത്തിയിട്ടില്ല. അങ്ങനെ ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് സംശയിക്കുന്നു.
കെ.പി.എ മജീദ്