ഹൈദരാബാദ്: വൈഫൈ ഓഫാക്കിയതിന് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച യുവതി ഗുരുതരാവസ്ഥയില്‍. സോമാജിഗുഡയിലെ രേഷ്മ സുല്‍ത്താന എന്ന യുവതിക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോണ്‍ ഉപയോഗിച്ചപ്പോള്‍ രേഷ്മ വൈഫൈ ഓഫാക്കുകയായിരുന്നു. പ്രകോപിതനായ ഭര്‍ത്താവ് രേഷ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

രേഷ്മയുടെ തലക്കും മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് മക്കളുടെ അമ്മയായ രേഷ്മ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. രേഷ്മയുടെ അമ്മയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.