ഹൈദരാബാദ്: ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ബിജെപി മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് രണ്ടാം റൗണ്ടില്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് ഗണ്യമായി കുറയുകയും ടി.ആര്‍.എസ്. മുന്നേറ്റം വ്യക്തമാവുകയും ചെയ്തു.

വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. അതിനാല്‍ തന്നെ ഫലം വരാന്‍ വൈകും. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന അനുസരിച്ച് 47 ഇടത്ത് ടി.ആര്‍.എസ്സാണ് മുന്നേറുന്നത്. ബി.ജെ.പിക്ക് നിലവില്‍ 21 സീറ്റിലാണ് ലീഡ് നേടാനായിട്ടുള്ളത്.

150 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016ല്‍ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസ്. 99 സീറ്റുകളിലും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. 44 ഉം ബി.ജെ.പി. നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി. ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജയിക്കുകയുണ്ടായി. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര്‍ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്.