ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടി ഖുഷ്ബു. താന്‍ കോണ്‍ഗ്രസില്‍ സന്തുഷ്ടയാണ് എന്നും ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നടി വ്യക്തമാക്കി. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

നേരത്തെ, ദേശീയ വിദ്യാഭ്യാസ നടത്തിന് അനുകൂലമായി ഖുഷ്ബു സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെ, കോവിഡ് ബാധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ആശംസകള്‍ നേര്‍ന്നു അവര്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഖുഷ്ബുവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന നേതാവ് എല്‍ മുരുകനും അറിയിച്ചിരുന്നു.

അതിനിടെ, ഹാത്രസ് യുവിതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുഷ്ബു പങ്കെടുത്തു. രാഹുല്‍ഗാന്ധി ഹരിയാനയില്‍ നടത്തിയ പ്രതിഷേധറാലിയുടെ വീഡിയോയും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ദിനേഷ് ഗുണ്ടു നടത്തിയ പ്രതികരണവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.