ബര്‍മിംഗ്ഹാം: ലോകകപ്പിന് ശേഷം എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഒരു ബി.സി.സി.ഐ അംഗത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് പെട്ടന്നായിരുന്നു. അതുപോലെ വിരമിക്കല്‍ പ്രഖ്യാപനവും നടത്തിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ഔദ്യോഗികമായി ബി.സി.സി.ഐ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തകാലത്തായി ധോണിയുടെ പ്രകടനങ്ങള്‍ സമിശ്ര പ്രതികരണമാണ് ആരാധകരില്‍ ഉണ്ടാക്കുന്നത്. ചിലര്‍ ധോണിയുടെ പ്രകടനത്തെ വിമര്‍ശിക്കുമ്പോള്‍ ധോണി ഇപ്പോഴും മികച്ച ഫിനിഷറാണെന്നും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിന്റെ പല നിര്‍ണായക തീരുമാനങ്ങളിലും ധോണിയുടെ പരിചയസമ്പത്ത് അനിവാര്യമെന്നും വാദിക്കുന്നവരാണ് മറ്റൊരുവിഭാഗം.