ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിരോധത്തിലാക്കി പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡിന്റെ പുസ്തകം. വൈറ്റ്ഹൗസിന്റെ ഉള്ളറക്കഥകള്‍ പുറത്തുകൊണ്ടുവരുന്ന പുസ്തകത്തിലെ പല വിവരങ്ങളും ഞെട്ടിക്കുന്നവയാണ്.
സെപ്തംബര്‍ 11ന് പുറത്തിറങ്ങാനിരിക്കുന്ന ‘ഫിയര്‍: ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലെ പല പരാമര്‍ശങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.

യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍, കെല്ലി, വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് എന്നിവര്‍ ട്രംപിനെക്കുറിച്ച് നടത്തുന്ന പല മോശം പരാമര്‍ശങ്ങളും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. വിഡ്ഢി, നുണയന്‍ എന്നൊക്കെയാണ് അവര്‍ ട്രംപിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തന്ത്രപ്രധാനമായ പല രേഖകളും ഒപ്പുവെക്കാന്‍ അനുവദിക്കാതെ ട്രംപിന്റെ ഡസ്‌കില്‍നിന്ന് മാറ്റിവെച്ചിരിക്കുകയാണെന്നാണ് പുസ്തകത്തിലെ മറ്റൊരു വെളിപ്പെടുത്തല്‍. അത്തരം രേഖകളില്‍ ട്രംപ് ഒപ്പുവെച്ചാല്‍ ദൂരവ്യപാക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. ഭരണപരമായ അട്ടിമറിക്ക് തുല്യമാണ് ഇതെന്ന് വുഡ്‌വാര്‍ഡ് അഭിപ്രായപ്പെടുന്നു. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ കൊലപ്പെടത്താന്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന് ട്രംപ് നിര്‍ദേശം നല്‍കിയതായും പുസ്തകം പറയുന്നുണ്ട്. ജിം മാറ്റിസിനെ ഉദ്ധരിച്ചാണ് ഇക്കാര്യം വുഡ്‌വാര്‍ഡ് വെളിപ്പെടുത്തുന്നത്.

വിദേശകാര്യങ്ങളില്‍ അഞ്ചാം ക്ലാസുകാരന്റേയോ ആറാം ക്ലാസുകാരന്റേയോ വിവരം മാത്രമാണുള്ളതെന്ന് മാറ്റിസ് പറഞ്ഞതായി പുസ്തകം വെളിപ്പെടുത്തുന്നു. ട്രംപ് വീണ്ടുവിചാരമില്ലാതെ ഒപ്പുവെക്കുമെന്ന് ഭയന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോണും വൈറ്റ്ഹൗസ് സ്റ്റാഫ് സെക്രട്ടറി റോബ് പോര്‍ട്ടറും പ്രധാന രേഖകളെല്ലാം അദ്ദേഹത്തിന്റെ കണ്ണില്‍പെടാതെ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയെ ദോഷകരമായി ബാധിക്കുമെന്ന് ഭയന്നാണ് അവര്‍ അത് ചെയ്തത്. ട്രംപ് ഭരണകൂടത്തിലെ പൊട്ടിത്തെറികളും മറ്റും വുഡ്‌വാര്‍ഡിന്റെ നിഗമനങ്ങളെ ശരിവെക്കുന്നവയാണ്. 1970കളില്‍ അന്നത്തെ യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന് സ്ഥാനമൊഴിയേണ്ടിവന്ന വാട്ടര്‍ഗേറ്റ് അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് വുഡ്‌വാര്‍ഡ് ലോക പ്രശസ്തനായത്. എന്നാല്‍ പുസ്തകത്തിലെ പരാമര്‍ശങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു. കെട്ടുകഥകള്‍ മാത്രമാണ് പുസ്തകമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങള്‍ നല്‍കി പൊതുജനങ്ങളെ കബളിപ്പിക്കുകയാണ് വുഡ്‌വാര്‍ഡ് എന്നും ട്രംപ് പറഞ്ഞു. ഭയമാണ് അധികാരത്തിന്റെ വികാരമെന്ന ട്രംപിന്റെ വിവാദ പരാമര്‍ശം പുസ്തകത്തിലുണ്ട്.