പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ കെ- റെയിലുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍.

മുഖ്യമന്ത്രി അത് നടത്തുമെന്നാണ് പറയുന്നതെങ്കില്‍ നടത്തില്ലെന്നതു തന്നെയാണ് ഞങ്ങളുടെ മറുപടി. ചര്‍ച്ച ചെയ്യാതെ തീരുമാനങ്ങള്‍ എടുക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ മതി, കേരളത്തില്‍ വേണ്ട പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.

രണ്ടു ലക്ഷം കോടിയിലധികം ചെലവ് വരുന്ന ഒരു പദ്ധതിയെ കുറിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തവരാണ് ഇപ്പോള്‍ വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നത്. തട്ടിക്കൂട്ടിയ പദ്ധതി ആയതിനാലാണ് ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത്. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്തവരാണ് സി.പി.എം. അങ്ങനെയുള്ളവരാണ് കേരളത്തില്‍ യു.ഡി.എഫിനെ വികസന വിരുദ്ധരെന്നു വിളിക്കുന്നത്. പിണറായി വിജയനാണ് വികസന വിരുദ്ധതയുടെ തൊപ്പി കേരളത്തില്‍ ഏറ്റവും നന്നായി ചേരുന്നത്. മറ്റാര്‍ക്ക് നല്‍കിയാലും അത് പാകമാകില്ല.പഠിച്ച ശേഷം കെ- റെയിലിനെ കുറിച്ച് പ്രതികരിക്കാമെന്നാണ് ശശി തരൂര്‍ നേര്‍ത്തെ പറഞ്ഞത്. തരൂരിന്റെ നിലപാട് സംബന്ധിച്ച് ഇനി ആര്‍ക്കും ഒരു സംശയവും വേണ്ട. യു.ഡി.എഫിന്റെ അതേ നിലപാട് തന്നെയാണ് തരൂരിനും ഇപ്പോഴുള്ളത് പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.